SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പതിനഞ്ചാം പതിപ്പിൽ നിരാശപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ലീ​ഗിലിതുവരെ മൂന്ന് വിജയങ്ങൾ മാത്രം നേടിയ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളൊക്കെ നേരത്തെ തന്നെ അവസാനിച്ചിരുന്നു.

നിരാശപ്പെടുത്തുന്ന സീസണിലും മുംബൈയുടെ വലിയ പ്രതീക്ഷയായി മാറുകയാണ് യുവതാരം തിലക് വർമ. ഇക്കുറി ഐപിഎല്ലിൽ അരങ്ങേറിയ ഈ യുവബാറ്ററാണിപ്പോൾ മുംബൈയുടെ ടോപ് സ്കോറർ. 12 മത്സരങ്ങളിൽ നിന്ന് 368 റൺസാണ് തിലക് നേടിയത്. ഇതിൽ രണ്ട് അർധസെഞ്ച്വറിയും ഉൾപ്പെടും. ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മുംബൈയുടെ വിജയത്തിലും നിർണായക പങ്ക് വഹിച്ചിരുന്നു ഈ താരം.

ചെന്നൈയ്ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ തിലകിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുൻ മുംബൈ താരം കൂടിയായ ഹർഭജവ്‍. തിലക് മുംബൈയുടെ ഭാവി ക്യാപ്റ്റനാണെന്നാണ് താൻ കരുതുന്നതെന്നും ഹർഭജൻ പറഞ്ഞതായി ക്രിക്ക്ടുഡെ റിപ്പോർട്ട് ചെയ്തു.

വന്ന ആദ്യ ദിവസം മുതൽ തന്നെ മുംബൈയ്ക്കായി അസാമാന്യ പ്രകടനമാണ് തിലക് നടത്തുന്നത്, വളരെയധികം പക്വതയുള്ള താരമാണ് തിലക്, ഐപിഎല്ലിൽ ഒരു പുതുമുഖമാണെന്ന് തോന്നിക്കാത്ത പ്രകടനമാണ് തിലകിന്റേത്, ഭാവിയിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാനുള്ള പ്രതിഭ തിലകിനുണ്ടെന്നാണ് ഞാൻ കരുതുന്നത്, ഹർഭജൻ പറഞ്ഞു.