SHARE

ഓസ്ട്രേലിയക്കെതിരെ ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയിൽ നിന്ന് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കണമെന്നും പകരം ഇത് വരെ അവസരം ലഭിക്കാത്ത യുവതാരങ്ങളെ ടീമിലുൾപ്പെടുത്തണമെന്നും ഇന്ത്യൻ സീനിയർ താരം ഹർഭജൻ സിംഗ്. കഴിഞ്ഞ‌ ദിവസം ഇന്ത്യ ടുഡേയോട് സംസാരിക്കവെയായിരുന്നു ഭാജിയുടെ നിർദ്ദേശം.

ഓസീസ്, ന്യൂസിലൻഡ് പര്യടനം കഴിഞ്ഞെത്തുന്ന സീനിയർ താരങ്ങൾക്ക് ഓസീസിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിൽ നിന്ന് വിശ്രമം നൽകണമെന്നാണ് ഭാജിയുടെ നിർദ്ദേശം. “ടീമിലെ ഏറ്റവും മികച്ച 11-13 താരങ്ങളെ വീണ്ടും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. കാരണം അവർ ഓസ്ട്രേലിയയിലേയും, ന്യൂസിലൻഡിലേയും ദൗർഘ്യമേറിയ പരമ്പര കഴിഞ്ഞാണ് വരുന്നത്. പിന്നാലെ ഇന്ത്യയിലും കളിക്കാൻ ആവശ്യപ്പെട്ടാൽ അത് അവരുടെ ഫിറ്റ്നസിനെ മോശമായി ബാധിക്കും. അത് കൊണ്ട് തന്നെ പരമാവധി സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുന്നതാകും ഉചിതം.

ഇങ്ങനെ വരുമ്പോൾ പ്രിഥ്വി ഷാ, മയങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചാൽ എന്നീ യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാകും. ഇവരെ ടീമിൽ ഉൾപ്പെടുത്തുന്നത്‌ വഴി ഇന്ത്യയുടെ ബെഞ്ച് കരുത്തും വർധിക്കും.” ഹർഭജൻ പറഞ്ഞുനിർത്തി.