SHARE

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സീനിയർ താരം ഹർഭജൻ സിംഗ്, തന്റെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് വിട്ട് അടുത്ത സീസൺ മുതൽ ഡെൽഹി ഡെയർഡെവിൾസിന്റെ മെന്ററായി ചുമതയേൽക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്. ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്കെത്തിയ ഹർഭജൻ ഒരു സീസണ് ശേഷം ടീം വിടുമോയെന്ന കാര്യത്തിൽ ആരാധകർ ഇതോടെ ആശങ്കാകുലരായിരുന്നു‌. എന്നാൽ ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായവുമായി ഭാജി തന്നെ രംഗത്തെത്തിയിരിക്കുന്നു.

താൻ ചെന്നൈ സൂപ്പർ കിംഗ്സ് വിട്ട് എങ്ങോട്ടേക്കുമില്ലെന്നും, നിലവിൽ താൻ അവിടെ വളരെയധികം സന്തോഷവാനാണെന്നും പറഞ്ഞ ഭാജി ഇങ്ങനെ കൂട്ടിച്ചേർത്തു‌, ” ഇത് പോലുള്ള അടിസ്ഥാന രഹിതമായ വാർത്തകൾ നിങ്ങൾ വിശ്വസിക്കരുത്. ഞാൻ ചെന്നൈയിൽ സന്തോഷവാനാണ്, ഞങ്ങൾ വളരെ മികച്ച ടീമാണ്, അവിടെ എനിക്ക് മികച്ച സമയവും. മറ്റുള്ളവർ തന്നെക്കുറിച്ച് പറയുന്നത് അതേ പടി വിശ്വസിക്കരുത്‌. എന്നെക്കുറിച്ച് ഞാൻ തന്നെ പറയുന്ന കാര്യങ്ങൾ മാത്രമേ വിശ്വസിക്കാവൂ”. ഹർഭജൻ പറഞ്ഞുനിർത്തി.

അതേ സമയം കഴിഞ്ഞ ദിവസമായിരുന്നു ഡെൽഹി ഡെയർഡെവിൾസ്, ടീമിൽ വൻ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണെന്നും ഇതിന്റെ ഭാഗമായി അടുത്ത സീസൺ മുതൽ ഹർഭജൻ സിംഗ് അവരുടെ മെന്ററാകുമെന്നും വാർത്തകൾ പുറത്ത് വന്നത്‌. ഇക്കാര്യത്തിൽ അഭിപ്രായവുമായി ഹർഭജൻ തന്നെ നേരിട്ട് രംഗത്തെത്തിയതിനാൽ താരം തൽക്കാലം ചെന്നൈ സൂപ്പർ കിംഗ്സ് വിട്ട് എങ്ങോട്ടേക്കുമില്ലെന്ന് ഉറപ്പായി.