SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിനെ സെലക്ടർമാർ നിശ്ചയിച്ച് കഴിഞ്ഞതായും ഐപിഎല്ലിൽ നടത്തുന്ന മിന്നും പ്രകടനങ്ങൾ താരങ്ങൾക്ക് ഇന്ത്യൻ ലോകകപ്പ്‌ ടീമിൽ സ്ഥാനം നേടിക്കൊടുക്കില്ലെന്നും ഇന്ത്യൻ സീനിയർ താരം ഹർഭജൻ സിംഗ്. കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് സംസാരിക്കുമ്പോളായിരുന്നു ഹർഭജന്റെ തുറന്ന് പറച്ചിൽ.

ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന വ്യക്തമാക്കിയിരുന്നു. റെയ്ന ഇന്ത്യൻ ടീമിലെത്തില്ലെന്ന് പറഞ്ഞ ഭാജി, ലോകകപ്പ് ടീമിലെത്തുമെന്ന റെയ്നയുടെ വാക്കുകൾക്ക് മറുപടിയായിട്ട് കൂടിയാണ് ഇങ്ങനെ വ്യക്തമാക്കിയത്.

-Advertisement-

” ഐപിഎല്ലിൽ ഏതെങ്കിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചെന്ന് കരുതി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ല. അത് സുരേഷ് റെയ്നയായാലും മറ്റേത് താരമായാലും. പരിക്ക് പ്രശ്നമായില്ലെങ്കിൽ ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല. ” ഭാജി പറഞ്ഞുനിർത്തി‌.