SHARE

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുമ്പ് നടന്ന താരലേലത്തിലൂടെ അപ്രതീക്ഷിതമായാണ് ഹര്‍ഭജന്‍ സിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. കഴിഞ്ഞ പത്തു സീസണുകളിലും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച ഭാജി പക്ഷേ, പെട്ടെന്ന് തന്നെ ചെന്നൈ ടീമിലെ നിര്‍ണ്ണായക താരമായി മാറി.

കളിക്കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ചിരിയുടെ വെടിക്കെട്ട് തീര്‍ക്കാന്‍ മിടുക്കനാണ് ഭാജി. ഐ പി എല്ലിനിടെ ഭാജി ബ്ലാസ്റ്റ് എന്നൊരു വെബ് ഷോയും ഹര്‍ഭജന്‍ നടത്തിയിരുന്നു. ആ ഷോയിൽ നടന്ന രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പാക് താരം ഷാഹിദ് അഫ്രീദിയെയും യുവരാജ് സിംഗിനെയും ഹര്‍ഭജനും ചെന്നൈ ഓപ്പണര്‍ വാട്സണും ചേര്‍ന്ന് ട്രോളിയ കഥയാണ് ഏറ്റവുമൊടുവിലായി പുറത്തു വന്നത്.

അഫ്രീദിയും യുവരാജും എല്ലാ കാലത്തും ചെറുപ്പക്കാരായി ഇരിക്കുകയാണെന്ന് പറഞ്ഞായിരുന്നു ഭാജിയുടെയും വാട്‌സണ്‍ന്റെയും സംസാരം. 2001ല്‍ ഓസ്‌ട്രേലിയയില്‍ കളിക്കാനെത്തിയതിനെ കുറിച്ചായിരുന്നു ഹര്‍ഭജന്‍ പറഞ്ഞു തുടങ്ങിയത്. ഉടന്‍ തന്നെ വാട്‌സണ്‍ന്റെ ചോദ്യമെത്തി, അന്നെത്ര വസ്സായിരുന്നുവെന്ന്. 18 വയസ്സെന്ന് ഭാജി മറുപടി പറഞ്ഞു. അന്നത്തെ യഥാര്‍ത്ഥ വയസ്സാണോ, അതോ ക്രിക്കറ്റ് കരിയറിലെ 18ാമത്തെ വര്‍ഷമായിരുന്നോ എന്നായിരുന്നു വാട്‌സണ്‍ തമാശരൂപത്തിലുള്ള ചോദ്യം.

ചിരി നിര്‍ത്താനാകാതെ ഭാജി വാട്‌സണോട് അഫ്രീദിക്കൊപ്പം ഒരുപാട് കാലം ചെലവഴിച്ചിട്ടില്ലേയെന്ന് ചോദിച്ചു. അപ്പോഴാണ് വാട്‌സണ്‍ അഫ്രീദിയെ ട്രോളിയത്. അഫ്രീദിക്ക് കഴിഞ്ഞ ഏഴു വര്‍ഷമായിട്ട് 36 വയസ്സാണെന്ന് വാട്‌സണ്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അതോടെ ഭാജി യുവരാജിനെയും ട്രോളി. ‘ ഞങ്ങള്‍ അണ്ടര്‍ 14, 16, 19 ടീമുകളില്ലൊം ഒരുമിച്ച് കളിച്ചതാണ്, വര്‍ഷം കൂടുംതോറും എനിക്ക് പ്രായം കൂടുന്നു, യുവരാജിന് കുറയുകയാണ്, എനിക്ക് വയസ്സായി, യുവരാജ് ഇനിയും കളി തുടരുകയാണ്’ – ഭാജി പറഞ്ഞു.