SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ പ്രതീക്ഷ നൽകി കടന്നുവന്ന ഓള്‍ റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. ഭാവി കപില്‍ദേവ് എന്നുവരെ വിശേഷിപ്പിക്കപ്പെട്ട ഹാര്‍ദികിന് എന്നാലിപ്പോള്‍, തുടക്കത്തിലേ ഫോം തുടര്‍ന്ന് കൊണ്ടുപോവാന്‍ സാധിച്ചിട്ടില്ല. മികച്ച ഓള്‍ റൗണ്ടറാവാന്‍ ഹാര്‍ദിക് പാണ്ഡ്യ ചെയ്യേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കപില്‍ദേവ്.

പാണ്ഡ്യ മികച്ച ഓള്‍ റൗണ്ടറാവാന്‍ ബാറ്റിംഗില്‍ കുറച്ചുകൂടെ ശ്രദ്ധിക്കണമെന്നാണ് കപില്‍ദേവിന്റെ ഉപദേശം. ‘ പ്രതിഭയും കഴിവുമുള്ള താരമാണ് ഹാര്‍ദിക് പാണ്ഡ്യ, മറ്റുള്ളവരുമായി താരതമ്യം ചെയ്ത് പാണ്ഡ്യയെ സമ്മര്‍ദ്ദത്തിലാക്കരുത്, അദ്ദേഹത്തിന് സ്വയം ആസ്വദിച്ച് കളിക്കാനുള്ള അവസരം നല്‍കണം, എന്നാല്‍ ബാറ്റിംഗില്‍ കുറച്ച് കൂടി മികച്ച പരിശീലനം നടത്താന്‍ പാണ്ഡ്യ തയ്യാറാവണം, അത് ഇന്ത്യന്‍ ടീമില്‍ ഏപ്പോഴും സ്ഥാനം നല്‍കും താരത്തിന്,’ – കപില്‍ ദേവ് പറഞ്ഞു.

ഇന്ത്യയ്ക്ക് 1983ലെ ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകനായിരുന്ന കപില്‍ദേവ് 131 ടെസ്റ്റ് മത്സരങ്ങളിലും 225 ഏകദിനങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. ടെസ്റ്റില്‍ 5248 റണ്‍സും 434 വിക്കറ്റുകളും ഏകദിനത്തില്‍ 3783 റണ്‍സും 253 വിക്കറ്റുകളും കപില്‍ദേവ് നേടിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ ആറു ടെസ്റ്റ് മത്സരങ്ങളും 38 ഏകദിനങ്ങളും 30 ടി20 മത്സരങ്ങളുമാണ് ഇന്ത്യയ്ക്കായി കളിച്ചത്.