SHARE

താരങ്ങൾ മത്സരങ്ങൾക്ക് ശേഷം പരസ്പരം ജേഴ്സികൾ കൈമാറുന്നത് ഫുട്ബോൾ ലോകത്ത് പതിവുകാഴ്ചയാണ്. താരങ്ങൾ തമ്മിലുള്ള സൗഹൃദമാണ് ഈ പ്രവൃത്തിയിലൂടെ തെളിഞ്ഞ് കാണുന്നത്. ഫുട്ബോളിൽ സ്ഥിരം സംഭവമാണെങ്കിലും ക്രിക്കറ്റിൽ ഇത്തരം കാഴ്ചകൾ തീരെ വിരളമാണ്. എന്നാൽ ഐപിഎല്ലിൽ ഇന്നലെ നടന്ന കിംഗ്സ് ഇലവൻ പഞ്ചാബ് – മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷം ഇത്തരമൊരു അസുലഭ കാഴ്ചയ്ക്കാണ് ക്രിക്കറ്റ് പ്രേമികൾസാക്ഷ്യം വഹിച്ചത്.

മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവിൽ മുംബൈ വിജയിച്ച ശേഷമായിരുന്നു സംഭവം അരങ്ങേറിയത്. കിംഗ്സ് ഇലവൻ പഞ്ചാബ് താരമായ കെ.എൽ രാഹുലും, മുംബൈ ഇന്ത്യൻസിന്റെ ഹാർദിക് പാണ്ട്യയും മൈതാനത്ത് വെച്ച് തങ്ങൾ ധരിച്ചിരുന്ന ജേഴ്സികൾ ഊരുകയും, തുടർന്ന് പരസ്പരം കൈമാറുകയുമായിരുന്നു. ശേഷം പരസ്പരം കൈമാറിയ ജേഴ്സികൾ ഇരുവരും അണിയുകയും ചെയ്തു. ഈ കാഴ്ച്ച ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ സ്വാഗതം ചെയ്തത്.

അതേ സമയം പ്ലേ ഓഫിലെത്താൻ ഏറെ നിർണായകമായിരുന്ന മത്സരത്തിൽ മുംബൈ, പഞ്ചാബിനെ 3 റൺസിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 186 റൺസെടുത്ത മുംബൈക്കെതിരെ 183 റൺസ് നേടാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ.