SHARE

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ സൂപ്പർ താരം ഹാർദിക് പാ‌ണ്ട്യക്ക് പരിക്കേറ്റിരുന്നു. വലത് തോളിന് സംഭവിച്ച പരിക്കിനെത്തുടർന്ന് താരം പിന്നീട് ഫീൽഡിംഗിനിറങ്ങിയതുമില്ല. പരിക്കിനെത്തുടർന്ന്‌ താരത്തെ സ്കാനിംഗിന് വിധേയനാക്കിയെന്ന വിവരം പിന്നാലെ ബിസിസിഐ തന്നെ പുറത്ത് വിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി ഫിറ്റ്നസിന്റെ കാര്യത്തിൽ അത്ര മികച്ച നിലയിലല്ലാത്ത ഹാർദിക്കിന് സംഭവിച്ച പുതിയ പരിക്ക് ആരാധകർക്ക് വലിയ ആശങ്കയായിരുന്നു‌‌ സമ്മാനിച്ചത്‌. പരിക്ക് മൂലം ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ രണ്ടാം സൂപ്പർ 12 മത്സരം താരത്തിന് നഷ്ടമായേക്കുമെന്ന് പോലും ഇതിനിടെ റിപ്പോർട്ടുകൾ ഉയർന്നു. എന്നാൽ ഇപ്പോളിതാ ഹാർദിക്കിന്റെ പരിക്ക് ഗൗരവമുള്ളതല്ലെന്നും താരം ന്യൂസിലൻഡിനെതിരായ മത്സരത്തിൽ സെലക്ഷന് ലഭ്യമാകുമെന്നും ഉറപ്പായിരിക്കുന്നു.

പാകിസ്ഥാനെതിരായ മത്സരത്തിൽ പരിക്ക് വഷളാവാതിരിക്കാനാണ് ഹാർദിക്ക് ഫീൽഡിൽ നിന്ന് വിട്ടു നിന്നതെന്നും, ഒരു മുൻ കരുതലെന്ന നിലക്ക് മാത്രമാണ് അദ്ദേഹത്തെ സ്കാനിംഗിന് വിധേയനാക്കിയതെന്നും പേരു വെളിപ്പെടുത്താത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയതോടെയാണ് ഹാർദിക്കിന്റെ പരിക്കുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് അവസാനമായത്. ഇതോടെ ടീമിന്റെ അടുത്ത മത്സരത്തിലും താരം കളിക്കാനുണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.

“ഒരു പ്രശ്നവുമില്ല, അവൻ (ഹാർദിക്ക്) സുഖമായിരിക്കുന്നു. അതൊരു മുൻ കരുതൽ സ്കാൻ മാത്രമായിരുന്നു. കഴിഞ്ഞ ദിവസത്തേത് ടൂർണമെന്റിലെ ആദ്യ മത്സരം മാത്രമായിരുന്നതിനാൽ റിസ്കെടുക്കാൻ ടീം മാനേജ്മെന്റ് ആഗ്രഹിച്ചില്ല.” ബിസിസിഐ ഒഫീഷ്യൽ വ്യക്തമാക്കി.