SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മുംബൈ ഇന്ത്യൻസ് ടീമിന്റെ പരിശീലന‌ ക്യാമ്പ് ആരംഭിച്ചു. ഗൻസോളിയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച പരിശീലന ക്യാമ്പിൽ സൂപ്പർ താരങ്ങളായ ഹാർദിക് പാണ്ട്യ, ക്രുനാൽ പാണ്ട്യ, ഇഷാൻ കിഷൻ, മിച്ചൽ മക്ലനാഗൻ എന്നിവർ കഴിഞ്ഞ‌ദിവസം പരിശീലനത്തിനെത്തി.

ഇത്തവണ നാലാം കിരീടം ലക്ഷ്യംവെച്ചാണ് മുംബൈ ഇന്ത്യൻസ് ഐപിഎല്ലിന് തയ്യാറെടുക്കുന്നത്. ഇതിന് വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് ടീം മാനേജ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഒരാഴ്ച ഗൻസോളിയിൽ പരിശീലനം നടത്തിയതിന് ശേഷമാകും ടീം തങ്ങളുടെ തട്ടകമായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലേക്ക് മാറുക. പരിക്കിനെത്തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ഹാർദിക് പാണ്ട്യയായിരുന്നു ആദ്യ ദിവസം കടുത്ത പരിശീലനം നടത്തിയത്‌. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ക്യാമ്പിലെത്തും. ഈ ആഴ്ച അവസാനത്തോടെ ടീമിലെ ഭൂരിഭാഗം താരങ്ങളും ക്യാമ്പിൽ ചേരുമെന്നാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 24-ം തീയതി ഡെൽഹി ക്യാപിറ്റൽസിനെതിരെയാണ് സീസണിൽ മുംബൈയുടെ ആദ്യ മത്സരം.