ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പുറത്ത്. പുറത്തിനേറ്റ പരിക്കാണ് താരത്തിന്റെ തിരിച്ചുവരവിന് വീണ്ടും തിരിച്ചടിയായത്. ഏഷ്യാകപ്പിലെ പരിക്കിനുശേഷം കഴിഞ്ഞമാസമാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കാരണത്താല്‍ ടീമില്‍ നിന്ന് സസ്പെന്ഷന് ലഭിക്കുകയും ചെയ്തു.
പാണ്ഡ്യയ്ക്ക് പകരം രവീന്ദ്ര ജഡേജയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ടി20 ടീമിലേക്ക് പകരക്കാരെ വിളിച്ചിട്ടില്ല. എത്രനാള്‍ പാണ്ഡ്യയ്ക്ക് പുറത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ സന്തുലനത്തില്‍ നിര്‍ണായകമാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ടീമിലും പാണ്ഡ്യയുടെ സാന്നിധ്യം അനിവാര്യമാണ്.
പാണ്ഡ്യയ്ക്ക് ഏഷ്യാകപ്പില്‍ ഏറ്റ പരിക്കിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നാണ് സൂചന. അന്നത്തെ പരിക്കിനുശേഷം ഏറെക്കാലം താരത്തിന് പുറത്തിരിക്കേണ്ടിവന്നു. 70 ദിവസത്തോളം വിശ്രമത്തിനുശേഷമാണ് വീണ്ടും കളത്തിലേക്ക് തന്നെ തിരിച്ചെത്തിയത്. ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്കത് വലിയ തിരിച്ചടിയാകും.