SHARE

ടെലിവിഷൻ ഷോയ്ക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്ന ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ട്യയെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിച്ചു. ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി താരം ടീമിനൊപ്പം ചേരും. പാണ്ട്യയ്ക്കൊപ്പം വിലക്ക് നേരിട്ടിരുന്ന കെ എൽ രാഹുലിനെ, ഇംഗ്ലണ്ട് ലയൺസിനെ നേരിടുന്ന ഇന്ത്യ എ ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവർക്കുമേർപ്പെടുത്തിയിരുന്ന വിലക്ക് താൽക്കാലികമായി പിൻ വലിച്ചതാണ് താരങ്ങളുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് കാരണമായത്.

വ്യാഴാഴ്ച പുതിയ അമിക്കസ് ക്യൂറി പി നരസിംഹയുമായി കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പാണ്ട്യയുടേയും രാഹുലിന്റേയും വിലക്ക് താൽക്കാലികമായി പിൻ വലിക്കാൻ തീരുമാനമായത്. വിലക്ക് താൽക്കാലികമായി നീക്കിയതോടെ ഇന്ത്യയുടെ ലോകകപ്പ്‌ പദ്ധതികളിലുള്ള ഇരുവരേയും ഉടൻ തന്നെ ഇന്ത്യൻ ടീമുകളിൽ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

പാണ്ട്യ ന്യൂസിലൻഡിനെതിരായ അവസാന നാല്ഏകദിനങ്ങൾക്കും, മൂന്ന് മത്സര ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലുണ്ടാകുമ്പോൾ രാഹുൽ ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന അഞ്ച് മത്സര ഏകദിന പരമ്പരയിലാകും കളിക്കുക.