SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ടീം ​ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ നിയമിക്കുമ്പോൾ ആർക്കും തന്നെ വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അരങ്ങേറ്റ സീസണിൽ തന്നെ ടൈറ്റൻസിനെ ഐപിഎൽ ഫൈനലിലേക്ക് നയിച്ച് പാണ്ഡ്യ ഏവരേയും ഞെട്ടിച്ചു.

ക്യാപ്റ്റനെന്ന നിലയിലെ പാണ്ഡ്യയുടെ പ്രകടനം ഇതിനകം പ്രശംസയേറ്റുവാങ്ങി. ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം ഇന്ത്യൻ ടീമിനെ നയിക്കാനും പാണ്ഡ്യയെ പരി​ഗണിക്കുന്നുണ്ട്. അയർലൻഡിനെതിരായി വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ക്യാപ്റ്റൻ സ്ഥാനത്തേക്കാണ് പാണ്ഡ്യയുടെ പേരും പരി​ഗണിക്കുന്നത്. ഇൻസൈഡ് സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂൺ അവസാനമാണ് ഇന്ത്യ അയർലൻഡിനെതിരെ രണ്ട് ടി20 മത്സരങ്ങൾ കളിക്കുന്നത്. രണ്ടാം നിര സ്ക്വാഡിനെ ഈ പരമ്പരയ്ക്ക് അയക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഈ സാഹചര്യത്തിലാണ് നായകസ്ഥാനത്തേക്ക് പാണ്ഡ്യയേയും പരി​ഗണിക്കുന്നതായി ഒരു സിലക്ഷൻ കമ്മിറ്റി അം​ഗം ഇൻസൈഡ് സ്പോർട്ടിനോട് പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കിടെ മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.