SHARE

ഇന്ത്യൻ പേസർ ഷർദുൽ താക്കൂർ, ഇംഗ്ല‌ണ്ടിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയത്തിൽ. മത്സരത്തിന് മുന്നോടിയായി പരിശീലന‌ നടത്തവെ ഹാംസ്ട്രിംഗ്‌ പരിക്ക് സംഭവിച്ചതാണ് താക്കൂറിനും അതു പോലെ ഇന്ത്യക്കും തിരിച്ചടിയായത്. ഇക്കാര്യത്തിൽ ഇതു വരെ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും താരം രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന താരമാണ് ഷർദുൽ താക്കൂർ‌. പരിക്കിനെത്തുടർന്ന് താരം കളിച്ചില്ലെങ്കിൽ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാകും രണ്ടാം ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിലേക്ക് നറുക്ക് വീഴുക. നിലവിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും പരിചയസമ്പന്നനായ ബോളറായ അശ്വിനെ ആദ്യ ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് തഴഞ്ഞത് നേരത്തെ വലിയ രീതിയിൽ ചർച്ചയായിരുന്നു. അശ്വിന് പകരം രവീന്ദ്ര ജഡേജക്കായിരുന്നു ഈ മത്സരത്തിൽ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഇടം നൽകിയിരുന്നത്.

അതേ സമയം നാളെ ലോർഡ്സിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ‌ രണ്ടാം മത്സരം ആരംഭിക്കുന്നത്. നേരത്തെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന രണ്ടാം മത്സരം സമനിലയിൽ പിരിയുകയായിരുന്നു. മൊത്തം 5 മത്സരങ്ങളാണ് ഇരു ടീമുകളും തമ്മിലുള്ള പരമ്പരയിലുള്ളത്.