SHARE

യൂറോപ്യൻ ഫുട്ബോളിൽ ഇക്കുറി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർതാരം ഹാരി കെയിന്റെ ഭാവി അറിയാനാണ്. ടോട്ടനം ഹോട്സ്പർസിന്റെ താരമായ കെയിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി രം​ഗത്തുണ്ട്. ഇതിനിടെ കെയിൻ ടോട്ടനത്തിനൊപ്പം പരിശീലനത്തിന് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ.

യൂറോ കപ്പിന് ശേഷം അവധിക്കാലം ആഘോഷിക്കാൻ പോയ കെയിൻ, ഇന്ന് രാവിലെ ക്ലബിനൊപ്പം പരിശീലനത്തിന് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. എന്നാൽ കെയിൻ ടീമിനൊപ്പം ചേർന്നില്ലന്നാണ് സ്കൈസ്പോർട്സടക്കമുള്ള ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വർഷങ്ങളായി ടോട്ടനത്തിന്റെ ഏറ്റവും പ്രധാനതാരമാണ് കെയിൻ. എന്നാൽ ക്ലബിനൊപ്പം കിരീടനേട്ടങ്ങളൊന്നും കൈവരിക്കാൻ കഴിയാത്തതിൽ കെയിന് അതൃപ്തിയുണ്ട്. ഇതിനിടെ ജൂണിൽ ക്ലബ് വിടാനുള്ള താൽപര്യം കെയിൻ ടോട്ടനം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാഞ്ചസ്റ്റർ സിറ്റി 100 ദശലക്ഷത്തിലേറെ യൂറോ കെയിന് വേണ്ടി മുടക്കാൻ തയ്യാറായി രം​ഗത്തെത്തിയത്.

ടോട്ടനം വിട്ടുപോകാനുള്ള കെയിന്റെ താൽപര്യത്തിന് ക്ലബ് അനുമതി നൽകിയിട്ടില്ലന്നാണ് സൂചന. മൂന്ന് വർഷത്തേക്ക് കൂടി കരാറുള്ള കെയിനെ വിൽക്കാൻ ടോട്ടനം തയ്യാറേയിക്കില്ലന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ട്രെയിനിങ്ങിന് റിപ്പോർട്ട് ചെയ്യാത്തത് കെയിന്റെ പ്രതിഷേധമാണോയെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.