SHARE

രണ്ട് നാളുകൾക്കപ്പുറം റഷ്യൻ മണ്ണിൽ ഇം​ഗ്ലീഷ് നിരയെ മൈതാനത്തേക്ക് ആനയിക്കാനുള്ള ചുമതല ടോട്ടനം സ്ട്രൈക്കർ ഹാരി കെയിനുള്ളതാണ്. വെറും 24 വയസ് മാത്രം പ്രായമുള്ളപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടീമുകളിലൊന്നിനെ നയിക്കാൻ നിയോ​ഗികപ്പെടുമ്പോൾ, കെയിന് അതൊരു സ്വപ്നസാക്ഷാത്കാരമാണ്.

കെയിന്റെ കുട്ടിക്കാലം മുതലെയുള്ള ഹീറോയാണ് ഇം​ഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാം. ബെക്കാമിനെ ആരാധിച്ച് വളർന്ന കുട്ടിക്കാലത്തിൽ നിന്ന് ബെക്കാമിന്റെ പിൻ​ഗാമി എന്ന വിശേഷണം കെയിൻ നേടിക്കഴിഞ്ഞു. 2000-ത്തിലാണ് ബെക്കാം ആദ്യമായി ഇം​ഗ്ലീഷ് നായകനാകുന്നത്. അപ്പോൾ താരത്തിന് പ്രായം ഇരുപത്തഞ്ച്. ബെക്കാമിന്റെ പാത പിന്തുടർന്ന കെയിനെ തേടി, ഒരു വയസ് മുമ്പ് തന്നെ ആംബാൻഡ് എത്തി. ബെക്കാം അന്താരാഷ്ട്ര ഫു്ടബോളിൽ നിന്ന് വിരമിക്കുന്ന വർഷമാണ് കെയിൻ ടോട്ടനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത് തന്നെ. മികച്ച ടീമുണ്ടായിട്ടും, ലോകകപ്പിന്റെ സെമി എത്താൻ ബെക്കാമിന് സാധിച്ചിട്ടില്ല. ബെക്കാമിന് സാധിക്കാത്തത് പിൻ​ഗാമിയായ കെയിന് കഴിയുമോയെന്ന് കാത്തിരിക്കുകയാണ് ഇം​ഗ്ലീഷ് ആരാധകർ

അതേസമയം ഇം​ഗ്ലീഷ് നായകനായി കെയിൻ എത്തിയതിന് പിന്നാലെ 2005-ൽ എടുത്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ലണ്ടനിൽ ഡേവിഡ് ബെക്കാമിന്റെ അക്കാദമി ഉദ്ഘാടന ചടങ്ങിനിടെ പതിനൊന്നുവയസുകാരനായ കെയിൻ ബെക്കാമിനൊപ്പം നിൽക്കുന്ന ചിത്രം. ചിത്രത്തിൽ കെയിനൊപ്പം ഒരു പെൺകുട്ടിയുമുണ്ട്. കെയിന്റെ കൂട്ടുകാരിയായ കെയിറ്റ് ​ഗുഡ്വിനാണ് ആ പെൺകുട്ടി. കെയിറ്റിൽ ഹാരി കെയിന് ഒരു പെൺകുഞ്ഞുണ്ട്.