SHARE

ലോകകപ്പിന് തയ്യാറെടുക്കുന്ന ഇം​ഗ്ലണ്ട് ടീമിന്റെ നായകൻ ആരായിരിക്കുമെന്ന് ഇപ്പോളും വ്യക്തമല്ല. സൗഹൃദ മത്സരങ്ങളിൽ അഞ്ചോ ആറോ കളിക്കാർക് ആംബാൻഡ് മാറി മാറി നൽകേണ്ട അവസ്ഥയുണ്ടായിരുന്നു പരിശീലകൻ ​ഗാരെത് സൗത്ത്​ഗേറ്റിന്. നിലവിലെ സാഹചര്യത്തിൽ നായകനാകാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നത് ടോട്ടനം സൂപ്പർ താരം ഹാരി കെയിനാണ്. ടീമിന്റെ നായകനാകാൻ താൽപര്യമുണ്ടെന്ന് ഇപ്പോൾ കെയിനും തുറന്നുസമ്മതിച്ചുകഴിഞ്ഞു.

നായകന്റെ ആംബാൻഡ് അണിഞ്ഞാലും ഇല്ലെങ്കിലും ഞാൻ എന്റെ ജോലി നന്നായി ചെയ്യും, എന്നാൽ നായകന്റെ ചുമതല കൂടി ലഭിച്ചാൽ അത്രയും അഭിമാനമുള്ള കാര്യം തന്നെയാണത്, കെയിൻ പറഞ്ഞു. ടീമിനെ ആര് നയിക്കും എന്ന് പരിശീലകൻ കൃത്യസമയത്ത് തീരുമാനിക്കും, എന്നെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അഭിമാനത്തോടെ ഞാനത് ഏറ്റെടുക്കും, കെയിൻ കൂട്ടിച്ചേർത്തു. ലോകകപ്പിൽ ടീമിന്റെ മികച്ച പ്രകടനത്തിനായാണ് ഞാൻ ശ്രമിക്കുക, എന്നാൽ ഒരു സ്ട്രൈക്കർ എന്ന നിലയിൽ സുവർണപാദുകവും എന്റെ മനസിലുണ്ട്, കെയിൻ നയം വ്യക്തമാക്കി.

ലോകകപ്പിനുള്ള ടീമിനെ പരിശീലകൻ ഉടൻ തന്നെ പ്രഖ്യാപിക്കും. മുതിർന്ന താരങ്ങളായ, വെയിൻ റൂണി, ജോർഡാൻ ഹെൻഡേഴ്സൻ, ​ഗാരി കാഹിൽ, ജോ ഹാർട്ട്, എറിക്ക് ഡയറ്‍ എന്നിവരാണ് കെയിന് പുറമേ നേരത്തെ ടീമിനെ നയിച്ചിരുന്നത്. ഇക്കുറി ഇവരിൽ പലരും ടീമിൽ ഇടം കണ്ടത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.