SHARE

ഞായറാഴ്ച നടന്ന പ്രീമിയർ ലീ​ഗ് മത്സരത്തിനിടെ സൂപ്പർ താരം ഹാരി കെയിന് പരിക്കേറ്റത് ലോകകപ്പിനൊരുങ്ങുന്ന ഇം​ഗ്ലീഷ് ടീമിന് ആശങ്കയാകുന്നു. ബേൺമൗത്തിനെതിരായ മത്സരത്തിലാണ് 30-ാം മിനിറ്റിൽ പരിക്കേറ്റ് ടോട്ടനം താരം പുറത്തേക്ക് പോയത്. ബേൺമത്ത് ​ഗോളി അസ്മിർ ബെഗോവിച്ചുമായി കൂട്ടിയിടിച്ച് വീണാണ് കെയിന്റെ കണ്ണങ്കാലിന് പരിക്കേറ്റത്.

കെയിന്റെ പരിക്കിന്റെ കാര്യത്തിൽ ആശങ്കയുണ്ട്. എന്നാൽ അത്ര വലിയ പ്രശ്നമാണെന്ന് കരുതുന്നില്ലെന്നാണ് ടോട്ടനം പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോ പറയുന്നത്. തിങ്കളാഴ്ച വിദ​ഗ്ദ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പരിക്കേറ്റിടത്ത് തന്നെയാണ് ഇപ്പോഴും കെയിന് പരിക്കേറ്റതെന്നും പരിശീലകൻ പറഞ്ഞു. കെയിന് പരിക്കേറ്റതോടെ ഇം​ഗ്ലീഷ് ദേശീയ ടീമും ടോട്ടനവും ആശങ്കയിലാണ്. ലോകകപ്പിന് മുന്നോടിയായി രണ്ട് സൗഹൃദമത്സരങ്ങൾ ഇം​ഗ്ലണ്ടിന് ഈ മാസം ഉണ്ട്. അതിന്റെ ടീം വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ഹാരി കെയിൻ ടീം നായകനാകുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ഇം​ഗ്ലണ്ടിന് വേണ്ടി പ്രവർത്തിച്ച മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ റഷ്യക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പിൻവാങ്ങണമെന്ന് പാർലെമന്റിൽ ആവശ്യമുയർന്നിരുന്നു. ഈ ഭീഷണി ഇപ്പോഴും നിലവിലുണ്ട്. ഇം​ഗ്ലണ്ട് ലോകകപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചാൽ ഒപ്പം നിൽക്കുമെന്ന് പോളണ്ട്, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു.