SHARE

സൂപ്പർ താരം ഹാരി കെയിന്റെ ഹാട്രിക്ക് മികവിൽ യൂറോ യോ​ഗ്യതാ മത്സരത്തിൽ ഇം​ഗ്ലണ്ടിന് മിന്നുന്ന ജയം. എതിരില്ലാത്ത നാല് ​ഗോളിന് ബൾ​ഗേറിയയെയാണ് ഇം​ഗ്ലണ്ട് മറികടന്നത്. ഇതോടെ ​ഗ്രൂപ്പ് എയിൽ നടന്ന മൂന്ന് മത്സരങ്ങളിലും ഇം​ഗ്ലണ്ടിന് വിജയം സ്വന്തമായി.

വെംബ്ലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ഹാരി കെയിന്റെ മിന്നുന്ന പ്രകടനമാണ് ഇം​ഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് ഹാരി കെയിൻ ആദ്യ ​ഗോൾ നേടുന്നത്. തുടർന്ന് രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം ലഭിച്ച പെനാൽറ്റി ​ഗോളാക്കി കെയിൻ ഇം​ഗ്ലണ്ടിന്റെ ലീഡുയർത്തി.

55-ാം മിനിറ്റിൽ റഹിം സ്റ്റെർലിങ്ങും ​ഗോൾ നേടിയതോടെ ഇം​ഗ്ലണ്ട് വിജയം ഉറപ്പാക്കിയിരുന്നു. തുടർന്ന് 73-ാം മിനിറ്റിൽ ഇം​ഗ്ലണ്ടിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചു. കിക്കെടുക്ക കെയിന് ഇക്കുറിയും ലക്ഷ്യം തെറ്റിയില്ല. ഇതോടെ കെയിൻ തന്റെ കരിയറിലെ രണ്ടാം അന്താരാഷ്ട്ര ഹാട്രിക്കും സ്വന്തമാക്കി.