SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്യാപ്റ്റൻ ഹാരി മ​ഗ്വയറിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ കുറേ മത്സരങ്ങളായി പ്ലേയിങ് ഇലവനിൽ നിന്ന് മ​ഗ്വയർ പുറത്താണ്. ലിസാൻഡ്രോ മാർട്ടിനെസ്-റാഫേൽ വരാനെ സഖ്യം മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ മ​ഗ്വയറിന് അടുത്തെങ്ങും പ്ലേയിങ് ഇലവനിൽ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് സൂചനകൾ.

മ​ഗ്വയറിന്റെ മോശം പ്രകടനം ഈ സീസണിൽ മാത്രമല്ല മുമ്പും വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. എന്നാൽ തന്റെ മോശം പ്രകടനത്തിന് ഉത്തരവാദിത്വം ​ഗോളി ഡേവിഡ് ഡി ​ഗിയക്കുമുണ്ടെന്നാണ് മ​ഗ്വയറിന്റെ നിലപാട്. ഇപ്പോൾ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഡി ​ഗിയയോട് കലിപ്പിലാണ് മ​ഗ്വയറെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്.

കളിക്കളത്തിലെ രണ്ട് കാര്യങ്ങളിലാണ് മ​ഗ്വയറിന് ഡി ​ഗിയയോട് കലിപ്പുള്ളതെന്നാണ് സൂചന. ഡി ​ഗിയയുടെ താനുമായുള്ള ആശയവിനിമയം ശരിയല്ല എന്നാണ് മ​ഗ്വയർ കരുതുന്നത്. ഇതിനൊപ്പം തന്നെ ​ഗോൾ ലൈന് പുറത്തേക്ക് ഇറങ്ങിവരാൻ ഡി ​ഗിയ തയ്യാറാകുന്നില്ല എന്നും മ​ഗ്വയറിന് പരാതിയുണ്ട്. ഈ രണ്ട് കാര്യങ്ങളും തന്റെ പ്രകടനത്തേയും ബാധിച്ചതായാണ് മ​ഗ്വയർ കരുതുന്നതായാണ് റിപ്പോർട്ട്.