SHARE

പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന് ഈ വർഷത്തെ ഐപിഎൽ നഷ്ടമാകും എന്ന വാർത്ത ഇന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ടത്. ഈ വാർത്ത വൻ തിരിച്ചടിയാണ് മൂന്നാം ഐപിഎൽ കിരീടം ലക്ഷ്യം വെച്ചെത്തുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സമ്മാനിച്ചിരിക്കുന്നത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റാർക്കിനെ 9.4 കോടി രൂപ നൽകിയാണ് ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ നിന്ന് കൊൽക്കത്ത സ്വന്തമാക്കിയത്.

മിച്ചൽ സ്റ്റാർക്കും, മിച്ചൽ ജോൺസണുമായിരുന്നു ഈ സീസണിലെ കൊൽക്കത്തൻ ബോളിംഗ് പ്രതീക്ഷകൾ. സ്റ്റാർക്ക് പുറത്താവുന്നതോടെ ടീമിലെ ജോൺസന്റെ ഉത്തരവാദിത്വങ്ങൾ വർധിക്കും. അതേ സമയം സ്റ്റാർക്കിന് പകരക്കാരനെ ടീമിലെത്തിക്കാനുള്ള അവസരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നിലുണ്ട്. സ്റ്റാർക്കിന് പകരം കൊൽക്കത്ത ആരെ ടീമിലെത്തിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് വിദഗ്ദൻ ഹർഷ ഭോഗ്ലെ.

ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ മോർനെ മോർക്കലിനെയായാണ് സ്റ്റാർക്കിന് പകരക്കാരനായി ഹർഷ ഭോഗ്ലെ നിർദ്ദേശിക്കുന്നത്. ഇപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന് ശേഷം മോർക്കൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നതും, സീസൺ മുഴുവൻ അദ്ദേഹത്തിന്റെ സേവനം കൊൽക്കത്തയ്ക്ക് പ്രയോജനപ്പെടുത്താമെന്നതും ദക്ഷിണാഫ്രിക്കൻ താരത്തിന് അനുകൂല ഘടകമാണ്. ഇതിനൊപ്പം നിലവിൽ മികച്ച ഫോമിലുമാണ് താരം. ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിൽ 9 വിക്കറ്റ് വീഴ്ത്തിയ മോർക്കലിന്റെ ബോളിംഗ് മികവിലായിരുന്നു ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ തകർത്തത്.