SHARE

ഇന്ത്യൻ ദേശീയ ടീമിനായി തകർപ്പൻ അരങ്ങേറ്റം നടത്തി കൈയ്യടി നേടിയിരിക്കുകയാണ് ഹർഷൽ പട്ടേൽ. ഇന്നലെ ന്യൂസിലൻഡിനെതിരെ നടന്ന ടി20 മത്സരത്തിൽ ആദ്യമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ ഹർഷൽ രണ്ട് വിക്കറ്റ് നേടി. വിജയത്തോടെ ഇന്ത്യ പരമ്പര കൂടി സ്വന്തമാക്കിയ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഹർഷൽ തന്നെയാണ്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് ഹർഷലിനെ ഇന്ത്യൻ ടീമിലെത്തിച്ചത്. ബം​ഗളുരുവിൽ സഹതാരം കൂടിയായ വിഖ്യാത ക്രിക്കറ്റർ എ ബി ഡിവില്ലിയേഴ്സ് കളിക്കളത്തോട് വിടപറഞ്ഞ ദിവസം തന്നെയാണ് ഹർഷലിന്റെ ദേശീയ ടീം അരങ്ങേറ്റം. മത്സരത്തിൽ മികച്ചതാരത്തിനുള്ള പുരസ്കാരം നേടിയശേഷം സംസാരിച്ച ഹർഷൽ തന്റെ കരിയറിൽ തന്നെ ഏറെ സ്വധീനിച്ച ഉപദേശം ഡിവില്ലിയേഴ്സ് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി. വലിയ തോതിൽ റൺ വഴങ്ങുന്നത് തടയിടുന്നതിന് ഡിവില്ലിയേഴ്സിന്റെ ഉപദേശം സഹായിച്ചെന്നാണ് ഹർഷൽ പറയുന്നത്.

ഞാൻ പല ഓവറുകളിലും 12 മുതൽ 15 റൺസ് വരെ വഴങ്ങിയിരുന്നു, ചിലപ്പോഴത് 20 റൺസ് വരെ പോകാറുണ്ട്, യുഎഇയിലെ ഐപിഎല്ലിനിടെ ഞാൻ ഡിവില്ലിയേഴ്സിനോട് ഇത്തരത്തിലുള്ള റണ്ണൊഴുക്ക് തടയുന്നതിനുള്ള ഉപദേശം തേടി, അദ്ദേഹം പറഞ്ഞു, വളരെ മികച്ച ഒരു പന്ത് ബാറ്റ്സ്മാൻ ബൗണ്ടറി നേടുകയാണെങ്കിൽ, പിന്നേയും അതേ രീതിയിൽ തന്നെ പന്തെറിയുക, മികച്ച പന്ത് ബൗണ്ടറി കടത്തിയതോടെ നമ്മൾ അടുത്ത പന്ത് മറ്റൊരു തരത്തിലെറിയുമെന്നാകും ബാറ്റ്സ്മാൻ പ്രതീക്ഷിക്കുന്നത്, അതിന് അവസരം നൽകരുത്, ഡിവില്ലിയേഴ്സിന്റെ ഈ ഉപദേശം പിന്നീട് ഐപിഎല്ലിൽ ഞാൻ പിന്തുടർന്നു, കരിയറിലുടനീളം ഞാനത് പിന്തുടരുകയും ചെയ്യും, ഹർഷൽ പറഞ്ഞു.