SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വെങ്കടേഷ് അയ്യർ, ശിവം മാവി എന്നിവരെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിംഗ് സംഘത്തിൽ ഉൾപ്പെടുത്താൻ ബിസിസിഐ പദ്ധതിയിടുന്നതായി സൂചന. നേരത്തെ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ എക്സ്പ്രസ് പേസറായ ഉമ്രാൻ മാലിക്കിനെ, നെറ്റ്സ് ബോളറായി ലോകകപ്പ് ടീമിനൊപ്പം ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരിശീലനത്തിൽ സഹായിക്കുന്നതിന് കൂടുതൽ താരങ്ങളെ ലോകകപ്പ്‌ സ്ക്വാഡിനൊപ്പം ചേർക്കുന്നതിന് ബിസിസിഐ പദ്ധതിയിട്ടിരിക്കുന്നത്.

പതിനാലാം എഡിഷൻ ഐപിഎല്ലിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച താരമാണ് ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, ശിവം മാവി എന്നിവർ. ഇതിൽ രണ്ട് പേരോടെങ്കിലും ഐപിഎല്ലിന് ശേഷവും ദുബായിൽ തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകൾ. ഇന്നോ നാളെയോ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

അതേ സമയം സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാ‌ണ്ട്യയെ ലോകകപ്പ് ടീമിൽ നിന്ന് ഇന്ത്യ ഒഴിവാക്കുമോ എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. ബോളെറിയുന്നില്ലെങ്കിൽ ലോകകപ്പ് ടീമിൽ നിന്ന് ഹാർദിക്ക് പുറത്തായേക്കുമെന്നും പകരം ഷർദുൽ താക്കൂർ, ദീപക് ചഹർ എന്നിവരിലൊരാൾ പകരക്കാരനായേക്കുമെന്നുമുള്ള ‌സൂചനകൾ ശക്തമാണ്. വരും ദിവസങ്ങളിൽ ഹാർദിക്കിന്റെ അവസ്ഥ എങ്ങനെയാണ് എന്നത് വിലയിരുത്തിയതിന് ശേഷമാകും ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ‌ തീരുമാനമെടുക്കുക എന്നാണ് സൂചനകൾ. സൂപ്പർ 12 ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞ ടീമുകൾക്ക് തങ്ങളുടെ ലോകകപ്പ് സ്ക്വാഡിൽ മാറ്റം വരുത്താൻ ഈ മാസം പതിനഞ്ചാം തീയതി വരെ സമയമുണ്ട്. അതിനാൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇനിയും മാറ്റങ്ങൾ വരാനുള്ള സാധ്യതകൾ ഉയർന്നു തന്നെ നിൽക്കുന്നു.