SHARE

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലെന്നാണ് എന്നത് കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് ലോകത്ത് ഉരുത്തിരിയുന്ന ചോദ്യമാണ്. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്‌ ശേഷം ധോണി‌ വിരമിക്കുമെന്നും ഇല്ലെന്നും ആരാധകർ പറയുന്നു.‌ തന്റെ വിരമിക്കൽ കാര്യവുമായി ബന്ധപ്പെട്ട് ധോണി, ടീമിന്റെ ചീഫ് സെലക്ടർ എം എസ് കെ പ്രസാദുമായി ചർച്ച നടത്തിയെന്ന് വരെ വാർത്തകൾ വന്നു. ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി എം എസ് കെ പ്രസാദ് തന്നെ രംഗത്ത് വന്നിരിക്കുന്നു.

ധോണി ലോകകപ്പിന്‌ ശേഷം വിരമിക്കുമോ എന്ന കാര്യത്തിൽ താനുമായി ഇതേ വരെ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് പ്രസാദ് പറയുന്നു. ” വിരമിക്കൽ കാര്യവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഞങ്ങൾ നടത്തിയിട്ടില്ല. കാരണം ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിന് മുൻപ് ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ നടത്തുന്നത് ശരിയല്ല. ഇപ്പോൾ ലോകകപ്പെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് എല്ലാവരുടേയും മുന്നിലുള്ളത്.” പ്രസാദ് പറഞ്ഞുനിർത്തി.

അതേ സമയം ധോണി വിരമിക്കലുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഇതേ വരെ നൽകിയിട്ടില്ലാത്തതിനാൽ ലോകകപ്പ്‌ കഴിഞ്ഞും അദ്ദേഹം കളിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. നിലവിൽ 37 വയസ്‌ പിന്നിട്ടെങ്കിലും ഫോം നിലനിർത്താൻ കഴിയുന്നിടത്തോളം കാലം ധോണി ക്രിക്കറ്റ് കളിക്കട്ടേയെന്ന് അവർ പറയുന്നു.