SHARE

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെ അഫ്ഗാൻ താരം ഹഷ്മത്തുള്ള ഷാഹിദിക്ക് പരിക്കേറ്റിരുന്നു. കളിയിൽ ഇംഗ്ലണ്ട് ഉയർത്തിയ 398 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് അഫ്ഗാൻ ബാറ്റ് ചെയ്യുമ്പോളായിരുന്നു‌ സംഭവം. ഇംഗ്ലണ്ട് പേസർ മാർക്ക് വുഡെറിഞ്ഞ അതിവേഗ ബൗൺസർ ഹെൽമറ്റിൽ കൊണ്ട് ഷാഹിദി നിലത്ത് വീഴുകയായിരുന്നു.

ഷാഹിദി നിലത്ത് വീണ ഉടൻ തന്നെ ഇംഗ്ലണ്ട് താരങ്ങൾ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തി. തുടർന്ന് അദ്ദേഹത്തെ പരിശോധിക്കാൻ ഡോക്ടർമാരും മൈതാനത്തെത്തി‌. ഷാഹിദിയോട് ഗ്രൗണ്ട് വിടാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. വേദന സഹിച്ചും ബാറ്റ് ചെയ്യാനായിരുന്നു അഫ്ഗാൻ താരത്തിന്റെ തീരുമാനം. തുടർന്ന് മത്സരത്തിന് ശേഷം സംസാരിക്കവെ താൻ ക്രീസിൽ തുടരാൻ തീരുമാനിച്ചതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കി.

താൻ പരിക്കിനെത്തുടർന്ന് ക്രീസിൽ നിന്ന് മടങ്ങുന്നത് തന്റെ അമ്മയെ വേദനിപ്പിക്കുമെന്നും, കഴിഞ്ഞ വർഷം പിതാവിനെ നഷ്ടമായ തനിക്ക്, അമ്മ വേദനിക്കുന്നത് സഹിക്കാനാവില്ലെന്നും പറഞ്ഞ‌ ഷാഹിദി, മൂത്ത സഹോദരൻ മത്സരം കാണാ‌ൻ ഗ്യാലറിയിൽ ഉണ്ടായിരുന്നെന്നും, അവരാരും വിഷമിക്കാതിരിക്കാൻ വേണ്ടിയാണ് താൻ ഗ്രൗണ്ട് വിടാതിരുന്നതെന്നും കൂട്ടിച്ചേർത്തു. “ബൗൺസർ കൊണ്ട് തന്റെ ഹെൽമറ്റ് പൊട്ടിയിരുന്നു. വീണയുടൻ തന്നെ ഫിസിയോയും ഡോക്ടർമാരും എനിക്കരികിലെത്തി. ഗ്രൗണ്ട് വിടാൻ ഡോക്ടർമാർ തന്നോട് നിർദ്ദേശിച്ചു. പക്ഷേ ആ സമയം അങ്ങനെ ചെയ്യാൻ തനിക്ക് തോന്നിയില്ല.” ഷാഹിദി പറഞ്ഞുനിർത്തി.