SHARE

ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി വലം കൈയ്യൻ സ്പിന്നർ രാഹുൽ ചഹർ തിളങ്ങിയപ്പോൾ, മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ മധ്യപ്രദേശിനെതിരെ രാജസ്ഥാന് 10 റൺസിന്റെ ആവേശ ജയം. ഇന്നലെ വൈകിട്ട് ഇൻഡോറിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 51 റൺസെടുത്ത മഹിപാൽ ലോംററിന്റെ ബാറ്റിംഗ് മികവിൽ 148 റൺസ് നേടിയപ്പോൾ, മധ്യപ്രദേശിന് 138/8 വരെയെത്താനേ കഴിഞ്ഞുള്ളൂ.

മധ്യപ്രദേശ് ഇന്നിംഗ്സിന്റെ ആറാം ഓവറിലെ 5,6 പന്തുകളിലും, ഏഴാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റുകൾ വീഴ്ത്തിയാണ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ രാഹുൽ ചഹർ ഹാട്രിക്ക് നേടിയത്. പിന്നീട് 2 വിക്കറ്റുകൾ കൂടി വീഴ്ത്തിയ ചഹർ തന്റെ മൊത്തം വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി. 4-0-14-5 എന്നതാണ് മത്സരത്തിൽ ചഹറിന്റെ ബോളിംഗ് ഫിഗർ. നേരത്തെ ആദ്യ മത്സരത്തിൽ വിദർഭയ്ക്കെതിരെയും തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു രാഹുൽ ചഹർ പുറത്തെടുത്തത്. അന്ന് 4 ഓവറിൽ 27 റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റുകളായിരുന്നു അദ്ദേഹം വീഴ്ത്തിയത്.