SHARE

അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച് കൊണ്ടിരുന്ന സമയത്ത് സിക്സറുകൾ പറത്താൻ മടി കാണിച്ചിരുന്ന താരമായിരുന്നു ഇന്ത്യയുടെ മൊഹമ്മദ് കൈഫ്. അപൂർവ്വമായി മാത്രം സിക്സറുകൾ നേടാറുണ്ടായിരുന്ന കൈഫ് പക്ഷേ ഐസ് ക്രിക്കറ്റിൽ കളിച്ചപ്പോൾ തന്റെ ശരിക്കുമുള്ള സിക്സടി മികവ് പുറത്തെടുത്തു. കൈഫിന്റെ അടിയേറ്റ് വലയേണ്ടി വന്നത് പാകിസ്ഥാൻ ഓൾ റൗണ്ടർ അബ്ദുൾ റസാഖിനാണ്.

സ്വിറ്റ്സർലാന്റിലെ സെന്റ് മോറിസിൽ നടന്ന ഐസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിലായിരുന്നു കൈഫിന്റെ ഹാട്രിക്ക് സിക്സറുകളും, വെടിക്കെട്ട് അർധ സെഞ്ചുറിയും പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാലസ് ഡയമണ്ടിന്റെ താരമായിരുന്നു കൈഫ്. ആറാമനായി ക്രീസിലെത്തിയ താരം ഇന്നിംഗ്സിന്റെ അവസാന ഓവറിലാണ് രൗദ്രഭാവം പൂണ്ടത്. ഓവറിന്റെ 3,4,5 പന്തുകളിലായിരുന്നു കൈഫിന്റെ ഹാട്രിക്ക് സിക്സറുകൾ. മത്സരത്തിൽ മൊത്തം 5 സിക്സറുകളടക്കം 30 പന്തുകളിൽ 57 റൺസായിരുന്നു ഈ മുപ്പത്തിയേഴുകാരന്റെ സമ്പാദ്യം. കൈഫിന്റെ കരുത്തിൽ ടീം സ്കോർ ഇരുന്നൂറും കടന്നു.

കൂറ്റൻ സ്കോർ നേടിയിട്ടും മത്സരത്തിൽ പരാജയപ്പെടാനായിരുന്നു പക്ഷേ സേവാഗ് നായകനായിട്ടുള്ള പാലസ് ഡയമണ്ടിന് വിധി. 37 പന്തിൽ 90 റൺസടിച്ച ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസ് മിന്നും പ്രകടനം പുറത്തെടുത്തപ്പോൾ റോയൽസ് ടീം 8 വിക്കറ്റിന് മത്സരത്തിൽ ജയിക്കുകയായിരുന്നു.