SHARE

താൻ സഞ്ജു സാംസണിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ പവർ ഹിറ്റിംഗ് മൂലം ഈ സീസണിൽ താ‌ൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കാൻ തുടങ്ങിയെന്നും ഇന്ത്യൻ വനിതാ‌ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയോട് സംസാരിക്കവെയായിരുന്നു മന്ദാന ഇക്കാര്യം വെളിപ്പെടുത്തിയത്.

“ചെറുപ്പക്കാർ ബാറ്റ് ചെയ്യുന്ന രീതി കാണുന്നത് വളരെ പ്രചോദനമാണ്. സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്ന രീതി മൂലം ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായി മാറി. സഞ്ജു കാരണം ഞാൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കാൻ തുടങ്ങി. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി ഭ്രാന്തമാണ്. നന്നായി ബാറ്റ് ചെയ്യുന്ന എല്ലാവരിൽ നിന്നും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” സ്മൃതി മന്ദാന പറഞ്ഞു.

എല്ലാ മത്സരങ്ങളും കാണുന്ന താൻ ഒരു ടീമിനെ മാത്രമല്ല പിന്തുണയ്ക്കുന്നതെന്ന് പറഞ്ഞ മന്ദാന, വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, രോഹിത് ശർമ്മ, എം എസ് ധോണി എന്നിവരെ താൻ പിന്തുണയ്ക്കുന്നതായും സംസാരത്തിനിടെ ചൂണ്ടിക്കാട്ടി.