അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന താരങ്ങളിലൊരാളാണ് ചെല്‍സിയുടെ കുന്തമുന ഏഡന്‍ ഹസാര്‍ഡ്. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരേ റയല്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ചെറിയ പ്രശംസയാണ് ബെല്‍ജിയന്‍ താരത്തിന് വിനയായത്. ലയണല്‍ മെസിയും ബാഴ്സലോണയും തന്നെയാണ് ഏറ്റവും മികച്ചതെന്ന പ്രസ്താവനയാണ് ഹസാര്‍ഡിന്റെ റയല്‍ മോഹത്തിന് തിരിച്ചടി നല്‍കിയിരിക്കുന്നത്.
റയലിനെ താഴ്ത്തിക്കെട്ടുന്ന വാക്കുകളാണ് ഹസാര്‍ഡില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. ക്ലബ് പ്രസിഡന്റ് ഫ്ളോറന്റിനോ പെരസും ഇക്കാര്യത്തില്‍ ഹസാര്‍ഡിനോട് കട്ടക്കലിപ്പിലാണെന്നാണ് സൂചന. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ചെല്‍സിക്ക് ബാഴ്സയാണ് എതിരാളികള്‍. ഇതേപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫുട്ബോള്‍ കളിക്കുമ്പോള്‍ ഏറ്റവും മികച്ചവര്‍ക്കെതിരെ കളിക്കണം എന്നായിരുന്നു 26കാരന്റെ പ്രതികരണം.
ബാഴ്സലോണ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബും ലയണല്‍ മെസി ഏറ്റവും മികച്ച താരവുമാണെന്നും ഹസാര്‍ഡ് പറഞ്ഞിരുന്നു. ഇതാണ് ആരാധകരെയും പ്രസിഡന്റിനെയും ചൊടിപ്പിച്ചത്. തങ്ങളുടെ ചിരവൈരികളെ പുകഴ്ത്തിയ ഹസാര്‍ഡിനെ വാങ്ങുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം റയല്‍ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. റയലില്‍ ചേരാന്‍ മോഹിച്ചിരിക്കുന്ന ഹസാര്‍ഡിന്റെ പ്രതീക്ഷകള്‍ തെറ്റിയേക്കാമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ള ക്ലബുകള്‍ ഹസാര്‍ഡിനെ സ്വന്തമാക്കാന്‍ രംഗത്തെത്തിയേക്കും.