SHARE

ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ് ഇനി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ താരം. ചെൽസി താരമായിരുന്ന ഹസാർഡ് ഇക്കുറി‌ സീസൺ അവസാനിച്ചതോടെ ക്ലബ്ബ് വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. താരം റയലിലെത്തുമെന്ന് ഇതിന് മുന്നേ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് ഹസാർഡുമായി കരാറിലൊപ്പിട്ട വിവരം റയൽ മാഡ്രിഡ് ഔദ്യോഗികമായി പുറത്ത് വിട്ടത്‌.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന്‌ ശേഷം റയൽ മാഡ്രിഡ് നടത്തുന്ന ഏറ്റവുംപ്രധാന സൈനിംഗാണ് ഹസാർഡിന്റേത്. 100 മില്ല്യൺ യൂറോയോളം നൽകിയാണ് റയൽ, താരത്തെ സ്വന്തമാക്കിയതെന്നാണ് സൂചന. റയലുമായി അഞ്ച് വർഷ കരാർ ഒപ്പിട്ട ഹസാർഡിനെ ഈ മാസം 13-ം തീയതി ക്ലബ്ബ്, തങ്ങളുടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്‌.

നേരത്തെ 2012 ൽ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയിൽ നിന്ന് ചെൽസിയിലെത്തിയ ഹസാർഡ്, അതിവേഗം ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചെൽസിക്കായി 352 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ഹസാർഡ് 110 ഗോളുകൾ നേടിയതിനൊപ്പം 86 ഗോളുകൾക്ക് വഴിയുമൊരുക്കി. ചെൽസിക്കൊപ്പം രണ്ട് പ്രീമിയർ ലീഗ്, രണ്ട് യൂറോപ്പ ലീഗ്, ഒന്ന് വീതം എഫ് എ കപ്പ്, ലീഗ് കപ്പ് എന്നിവ ഹസാർഡ് നേടിയിട്ടുണ്ട്.