SHARE

ബെൽജിയം ദേശീയ ടീമിനൊപ്പം നേഷൻസ് ലീ​ഗ് മത്സരത്തിന് പോയതിനെച്ചൊല്ലി സൂപ്പർതാരം ഈഡൻ ഹസാർഡും റയൽ മഡ്രിഡും തമ്മിലിടയുന്നു. ദേശീയ ടീമിനൊപ്പം പോകരുതെന്ന് ക്ലബ് ആവശ്യപ്പെട്ടിട്ടും ഹസാർഡ് അനുസരിക്കാതിരുന്നതാണ് റയലിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

റയലിലെത്തിയശേഷം നിരന്തരം പരുക്കിന്റെ പിടിയിലാണ് ഹസാർഡ്. അടുത്തിടെ കണ്ണങ്കാലിനേറ്റ പരുക്കിൽ നിന്ന് താരം മോചിതനായതേയുള്ളു ഹസാർഡ്. ഇതിനിടെയാണ് നേഷൻസ് ലീ​ഗ് മത്സരത്തിനുള്ള ബെൽജിയം ടീമിലേക്ക് ഹസാർഡിനേയും ​ഗോളി തിബോ കോർട്ട്വയേയും പരിശീലകൻ റോബർട്ടോ മാർട്ടിനെസ് വിളിച്ചത്. എന്നാൽ ഇരുവരും സ്പെനിയിൽ തുടരണമെന്നായിരുന്നു റയലിന്റെ താൽപര്യം. ഇക്കാരണത്താൽ ദേശീയ ടീമിനൊപ്പം ചേർന്നെങ്കിലും മത്സരങ്ങൾക്ക് മുമ്പ് തന്നെ കോർട്ട്വ മഡ്രിഡിൽ മടങ്ങിയെത്തി. എന്നാൽ ഹസാർഡ് ടീമിനൊപ്പം തുടർന്നു. എന്നാൽ രണ്ട് മത്സരങ്ങളിലും ഹസാർഡിനെ കളിക്കാനുമിറക്കിയില്ല.

മഡ്രിഡിൽ തുടരണമെന്ന ക്ലബ് നിർദേശം അനുസരിച്ചില്ലെന്ന് മാത്രവുമല്ല, ബെൽജിയത്തിനൊപ്പം കൂടിയിട്ട് കളിക്കാൻ ഹസാർഡിന് അവസരവും ലഭിച്ചില്ല. ഇക്കാര്യത്തിൽ റയൽ കടുത്ത അസംതൃപ്തിയിലാണ്. പ്രീ സീസൺ ക്യാമ്പിന്റെ പത്ത് ദിവസങ്ങളോളം ഹസാർഡിന് നഷ്ടമായി. ഇത് ക്ലബിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം ബെൽജിയം പരിശീലകന്റെ ചില പരാമർശങ്ങളും റയലിന് അലോസരമുണ്ടാക്കിയിട്ടുണ്ട്. ഹസാർഡിന് 90 മിനിറ്റും കളിക്കാൻ ഇപ്പോഴും സാധിക്കുന്നില്ലെന്നാണ് മാർട്ടിനെസ് പറഞ്ഞത്. അതിനിടെ തന്നെ, ഹസാർഡിന് കളിപ്പിക്കാൻ മാർട്ടിനെസിന് ഉദ്ദേശമില്ലായിരുന്നെന്നും എങ്കിലും താരത്തെ ടീമിനൊപ്പം കൂട്ടണമെന്ന് നിർബന്ധം പിടിച്ചതായും ചില ആരോപണങ്ങളുണ്ട്.