SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിന്റെ താരം ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളു, ക്രിസ് ഗെയ്ല്‍. താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന ഗെയ്‌ലിനെ അടിസ്ഥാന വിലയ്ക്ക് ടീമിലെത്തിക്കുമ്പോള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമ പ്രീതി സിന്റ പോലും വിചാരിച്ചില്ല ഇത്തരത്തിലൊരു വെടിക്കെട്ട്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍ത്തടിച്ച ഗെയ്ല്‍ മഴക്കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ സ്വന്തം ടീമിനെ ജയത്തിലെത്തിച്ചു.

മത്സരശേഷം നടന്ന അഭിമുഖത്തില്‍ ഗെയ്‌ലിന്റെ സത്യസന്ധമായൊരു വിലയിരുത്തലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. മൂന്നു കളിയില്‍ നിന്ന് 229 റണ്‍സുമായി ഓറഞ്ച് ക്യാപിന് തേടിയെത്തിയിരിക്കുകയാണ് ഗെയ്‌ലിനെ. എന്നാല്‍ തനിക്കല്ല സഹ ഓപ്പണറായ ലോകേഷ് രാഹുലിനാണ് ഓറഞ്ച് ക്യാപിന് അര്‍ഹതയെന്ന് ഗെയ്ല്‍ പറയുന്നു. എന്നെക്കാള്‍ മികച്ച രീതിയില്‍ കളിച്ചത് രാഹുലാണ്. ശരിയായ ടൈമിംഗില്‍ കളിക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷേ രാഹുലിന്റെ ബാറ്റിംഗ് മികച്ചതായിരുന്നു. ഓറഞ്ച് ക്യാപ് കിട്ടിയത് വലിയ കാര്യമായെടുക്കുന്നില്ലെന്നും ഗെയ്ല്‍ പറയുന്നു.

ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന ഗെയ്ല്‍ കിട്ടിയ മൂന്ന് അവസരങ്ങളിലും തകര്‍ത്തടിക്കുകയായിരുന്നു. മൂന്നു കളിയില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമാണ് കരീബിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അഞ്ചു കളിയില്‍ നിന്ന് 213 റണ്‍സെടുത്ത രാഹുലാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമത്. മലയാളി താരം സഞ്ജു സാംസണ്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.