SHARE

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെക്കുന്ന ലങ്കൻ ബാറ്റ്സ്മാൻ ചരിത് അസലങ്ക വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ പല ടീമുകളുടേയും നോട്ടപ്പുള്ളിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണറും, പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരെ നടന്ന സൂപ്പർ 12 മത്സരത്തിൽ 41 പന്തിൽ നിന്ന് 68 റൺസെടുത്ത് ഉജ്ജ്വല പ്രകടനമാണ് അസലങ്ക കാഴ്ച വെച്ചത്. താരത്തിന്റെ ഈ അർധ സെഞ്ചുറി ഇന്നിംഗ്സിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ചോപ്ര അദ്ദേഹത്തെ പ്രശംസിച്ചത്.

ഈ വർഷത്തെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നിലവിൽ ഒന്നാം സ്ഥാനമാണ് അസലങ്കക്കുള്ളത്. ക്വാളിഫയേഴ്സിലുൾപ്പെടെ ഇക്കുറി കളിച്ച 6 മത്സരങ്ങളിൽ നിന്ന് 46.20 ബാറ്റിംഗ് ശരാശരിയിൽ 231 റൺസാണ് താരം നേടിയത്.‌ ലോകകപ്പിലെ അസലങ്കയുടെ ഈ മികച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് പല ഐപിഎൽ ടീമുകളും ലേലത്തിൽ നിന്ന് അദ്ദേഹത്തെ സ്വന്തമാക്കാൻ ഇക്കുറി രംഗത്തുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.

അതേ സമയം ഈ വർഷം മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഇരുപത്തിനാലുകാരനായ ചരിത് അസലങ്ക. അതിവേഗം ലങ്കൻ ടീമിന്റെ പ്രധാന താരങ്ങളിലൊരാളായി മാറിയ ഈ ഇടം കൈയ്യൻ ബാറ്റ്സ്മാൻ 8 ഏകദിന മത്സരങ്ങളിൽ നിന്ന് 326 റൺസും, 9 ടി20 മത്സരങ്ങളിൽ നിന്ന് 295 റൺസുമാണ് ശ്രീലങ്കക്കായി നേടിയിട്ടുള്ളത്.