SHARE

ഡെൽഹി ക്യാപിറ്റൽസ് നായക‌നും ഇന്ത്യൻ ടീമിന്റെ സൂപ്പർ താരവുമായ ഋഷഭ് പന്തിനെ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗുമായി താരതമ്യപ്പെടുത്തി സഞ്ജയ് മഞ്ചരേക്കർ. പന്ത് ഈ തലമുറയിലെ വഴികാട്ടിയാണെന്ന് ചൂണ്ടിക്കാട്ടുന്ന മഞ്ചരേക്കർ, സേവാഗിനെപ്പോലെ ഇഷ്ടാനുസരണം ഫോറുകളും സിക്സറുകളുമടിക്കാൻ കെൽപ്പുള്ള ബാറ്റ്സ്മാനാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു.‌ കഴിഞ്ഞ ദിവസം ക്രിക്കിൻഫോയുമായുള്ള ഒരു ചാറ്റിനിടെയായിരുന്നു മഞ്ചരേക്കർ ഇങ്ങനെ പറഞ്ഞത്.

“വീരേന്ദർ സേവാഗ് കടന്നു വന്ന സമയത്ത് ലോഡ് കണക്കിന് റൺസ് നേടുന്ന ദ്രാവിഡും സച്ചിനും നമുക്കുണ്ടായിരുന്നു. തുടർന്ന് സേവാഗ് വന്നു. അവനല്പം വ്യത്യസ്തനായിരുന്നു. അവൻ ഒരു പുതു വഴി വെട്ടിത്തുറക്കുകയായിരുന്നു. അവൻ സിക്സറോടെ നൂറിലെത്തി, സിക്സറോടെ ഇരുന്നൂറിലെത്തി, സിക്സറോടെ മുന്നൂറിലുമെത്തി. അത്തരത്തിലുള്ള ബാറ്റിംഗ് ടെസ്റ്റ് ക്രിക്കറ്റിൽ മുൻപ് നാം കണ്ടിട്ടില്ലായിരുന്നു. ഋഷഭ് പന്ത് ഇപ്പോൾ തന്റെ ഇഷ്ടാനുസരണം ഫോറുകളും സിക്സറുകളും അടിക്കുന്നു‌. അവൻ ഈ തലമുറക്ക് ഒരു ട്രെയിൽബ്ലേസറാണ്.” മഞ്ചരേക്കർ പറഞ്ഞു.

ഋഷഭ് പന്തിന്റെ ആക്രമണാത്മക ബാറ്റിംഗ് ശൈലി മുൻ കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംസാരത്തിനിടെ ചൂണ്ടിക്കാട്ടിയ മഞ്ചരേക്കർ, പന്തിനെപ്പോലെ അനായാസം ബൗണ്ടറികളടിക്കാൻ കഴിവുള്ള ഒരു ബാറ്റ്സ്മാൻ ഒപ്പമുണ്ടായിരിക്കുന്നത് ഡെൽഹിക്ക് വലിയ നേട്ടമാണെന്നും സംസാരത്തിനിടെ കൂട്ടിച്ചേർത്തു.