SHARE

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിലും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ. ടീമിലെ പ്രധാന ബോളർമാർക്ക് പരിക്കേറ്റ സാഹചര്യത്തിൽ രണ്ട് അരങ്ങേറ്റക്കാരെ കളിപ്പിക്കാൻ തീരുമാനിച്ചിട്ട് പോലും കുൽദീപ് യാദവിനെ ടീമിലേക്ക് പരിഗണിക്കാൻ ഇന്ത്യൻ മാനേജ്മെന്റ് തയ്യാറാകാത്തതിനെതിരെ ക്രിക്കറ്റ് ലോകത്ത് വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യൻ യുവ സ്പിന്നറോട് സഹാനുഭൂതി കാട്ടി അഗാർക്കർ രംഗത്തെത്തിയിരിക്കുന്നത്.

“കുൽദീപ് വളരെയധികം നിരാശനായിരിക്കുമെന്ന് ഞാൻ കരുതുന്നു. എന്ത് കൊണ്ട് അദ്ദേഹത്തിന് അങ്ങനെയായിക്കൂട? അവസാന പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറായിരുന്നു. അതിന് ശേഷം അദ്ദേഹം ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. എന്ത് കൊണ്ടാണ് നാലാം ടെസ്റ്റിൽ മറ്റൊരു സ്പിന്നറെ കളിപ്പിക്കാത്തത്? അത് ആക്രമണത്തിൽ നിങ്ങൾക്ക് ബാലൻസ് നൽകുമായിരുന്നു. കുൽദീപ് ഇന്ത്യൻ ബോളിംഗിൽ വൈവിധ്യം കൊണ്ടു വരുമായിരുന്നു. അവൻ ഓസ്ട്രേലിയയിൽ മുൻപ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. അത് കൊണ്ടു തന്നെ അവൻ കളിക്കാത്തതിൽ വലിയ ആശ്ചര്യമുണ്ട്. അവൻ അതിൽ വളരെ നിരാശനായിരിക്കണം.” അഗാർക്കർ പറഞ്ഞു നിർത്തി‌.

അതേ സമയം ഇന്ത്യയ്ക്കായി ഇതു വരെ 6 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള താരമാണ് കുൽദീപ്‌ യാദവ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള ഈ ഇരുപത്തിയാറുകാരൻ, കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ സിഡ്നി ടെസ്റ്റിന് ശേഷം ഇതു വരെ ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല.