SHARE

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിക്കപ്പെടുന്ന താരമാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ധോണി വിരമിച്ച് കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകുമെന്ന് കരുതപ്പെടുന്ന പന്ത് ഇപ്പോൾ ഐപിഎൽ മുന്നൊരുക്കങ്ങളുടെ തിരക്കിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെൽഹി ക്യാപിറ്റൽസിന്റെ താരമായ ഋഷഭ് പന്ത് തന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന കാര്യമെന്തെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ഡെൽഹി ക്യാപിറ്റൽസ് കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ഫയർ ക്വസ്റ്റിൻ പരിപാടിയിലാണ് തന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന കാര്യം പന്ത് വെളിപ്പെടുത്തിയത്‌. റാപ്പിഡ് ഫയർ ക്വസ്റ്റിനിടെ പന്തിന് നേരിടേണ്ടി‌ വന്ന ചോദ്യങ്ങളിലൊന്ന് അദ്ദേഹം ഏറ്റവും പേടിക്കുന്ന ഇന്ത്യൻ താരം ആരെന്നതായിരുന്നു. താൻ ആരെയുംപേടിക്കുന്നില്ലെന്ന് മറുപടി നൽകിയ പന്ത് പക്ഷേ കോഹ്ലിയുടെ ദേഷ്യം തന്നെ ഭയപ്പെടുത്താറുണ്ടെന്ന് കൂട്ടിച്ചേർത്തു. “നിങ്ങൾ എല്ലാംശരിയായി ചെയ്താൽ ഒരാൾ എന്തിനാണ് നമ്മളോട് ദേഷ്യപ്പെടുന്നത്. പക്ഷേ നമ്മളൊരു തെറ്റ് ചെയ്യുകയും, ഒരാൾ അതിൽ നമ്മളോട് ദേഷ്യപ്പെടുകയും ചെയ്താൽ അത് നല്ലതാണ്, കാരണം നമ്മൾ തെറ്റുകളിൽ നിന്നാണ് പാഠം പഠിക്കുന്നത്.” പന്ത് പറഞ്ഞുനിർത്തി.