SHARE

ഇന്നലെയാണ് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്.‌ ശിഖാർ ധവാനെ നായകനായും, ഭുവനേശ്വർ കുമാറിനെ ഉപനായകനായും തിരഞ്ഞെടുത്ത ബിസിസിഐ സെലക്ടർമാർ, അഞ്ച് പുതുമുഖ താരങ്ങൾ ഉൾപ്പെടെ മൊത്തം 6 അൺക്യാപ്പ്ഡ് താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ടീമിലേക്ക് വിളിയെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷെൽഡൻ ജാക്ക്സൺ വീണ്ടും സെലക്ഷനിൽ തഴയപ്പെടുകയായിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി അഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന‌ ജാക്ക്സൺ ടീമിലേക്ക് വിളിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു‌. അത് കൊ‌ണ്ടു തന്നെ ഇന്ത്യൻ ടീമിൽ നിന്ന് വീണ്ടും തഴയപ്പെട്ടത് താരത്തെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. ടീം പ്രഖ്യാപനത്തിന് പിന്നാലെ തകർന്ന ഹൃദയത്തിന്റെ ഇമോജി ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള തന്റെ നിരാശ ജാക്ക്സൺ പങ്കു വെച്ചത്. ക്രിക്കറ്റ് ലോകം ഈ ട്വീറ്റിന് താഴെ ജാക്സണെ ആശ്വസിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.

അതേ‌ സമയം മുപ്പത്തിനാലുകാരനായ ജാക്സൺ, ദേശീയ ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിനെതിരെ കഴിഞ്ഞയിടക്ക് പരസ്യ പ്രതികരണം നടത്തിയിരുന്നു. 22,23 വയസ് പ്രായമുള്ളവരേക്കാൾ മികച്ച രീതിയിൽ താൻ കളിക്കുന്നുണ്ടെന്നും പ്രായം മുപ്പത് കഴിഞ്ഞാൽ ടീമിലേക്ക് തിരഞ്ഞെടുക്കില്ലെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോയെന്നും ചോദിച്ച ജാക്ക്സൺ, തനിക്ക് മികച്ച ഫിറ്റ്നസുണ്ടെന്നും പറഞ്ഞിരുന്നു.

സമീപകാലത്തായി അഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ജാക്സൺ അവസാന രണ്ട് രഞ്ജി സീസണുകളിലും 800 ലധികം റൺസ് നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 76 മത്സരങ്ങളിൽ 5634 റൺസ് നേടിയിട്ടുള്ള അദ്ദേഹം 60 ലിസ്റ്റ് എ മത്സരങ്ങളിൽ 2096 റൺസും, 59 ടി20 മത്സരങ്ങളിൽ 1240 റൺസും സ്കോർ ചെയ്തിട്ടുണ്ട്. എന്നാൽ ലങ്കൻ പര്യടനത്തിൽ യുവ കളികാർക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ടീമിനെ തിരഞ്ഞെടുക്കാ‌ൻ സെലക്ടർമാർ തീരുമാനിച്ചതോടെ ഇന്ത്യൻ ടീമിലെത്താനുള്ള ജാക്ക്സന്റെ കാത്തിരിപ്പ് വീണ്ടും നീളുകയായിരുന്നു.