SHARE

ലോകകപ്പില്‍ കളിക്കുകയെന്ന അഭിമാന നേട്ടത്തിലേക്ക് ഐസ്‌ലന്‍ഡിനെ നയിച്ച ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി. ഹാള്‍ഗ്രിംസണ്‍ന്റെ താൽപ്പര്യ പ്രകാരം അദ്ദേഹം പരിശീലക സ്ഥാനമൊഴിയുകയാണെന്ന് ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു.

2011ല്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയ ഹാള്‍ഗ്രിംസണ് കീഴില്‍ ചരിത്രപരമായ നേട്ടങ്ങളാണ് ഐസ്‌ലന്‍ഡ് സ്വന്തമാക്കിയത്. 2016ലെ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഐസ്‌ലന്‍ഡ് ക്വാര്‍ട്ടറിലെത്തി പുറത്താവുകയായിരുന്നു. യൂറോപ്പ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ഐ ജേതാക്കളായാണ് ഹാള്‍ഗ്രിംസണ്‍ പരിശീലകനായ ഐസ്‌ലന്‍ഡ് റഷ്യയിലേക്ക് ടിക്കറ്റെടുത്തത്.

ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പുകളായ ക്രൊയേഷ്യ യോഗ്യതാ ഗ്രൂപ്പില്‍ ഐസ്‌ലന്‍ഡിന് താഴെ രണ്ടാം സ്ഥാനത്തായിരുന്നു. അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച ടീം നൈജീരിയയോടും ക്രൊയേഷ്യയോടും പരാജയപ്പെടുകയായിരുന്നു. തലയുയര്‍ത്തി തന്നെയാണ് ഐസ്‌ലന്‍ഡ് റഷ്യയില്‍ നിന്ന് മടങ്ങിയതും.