SHARE

ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ സ്പാനിഷ് ദേശീയ ടീം പരിശീലകൻ ഫെർണാണ്ടോ ഹെയ്റോ സ്ഥാനമൊഴിഞ്ഞു. മുൻപ് കൈകാര്യം ചെയ്തിരുന്നു സ്പോർട്ടിങ് ഡയറക്ടർ പദവിയിലേക്കും ഹെയ്റോ മടങ്ങിയെത്തില്ല .

ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു പരിശീലകനായിരുന്നു ജുലൻ ലൊപ്പെറ്റ്യൂ​ഗിയെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പുറത്താക്കിയത്. അസോസിയേഷനെ അറിയിക്കാതെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതാണ് ലോപ്പെറ്റ്യൂ​ഗിയെ പുറത്താക്കാൻ കാരണം. തുടർന്ന് ലോകകപ്പിന്റെ തലേന്നാണ് മുൻ സൂപ്പർ താരം കൂടിയായിരുന്ന ഹെയ്റോയെ താത്കാലിക ചുമതലയേൽപ്പിച്ചത്.

എന്നാൽ ലൊപ്പെറ്റ്യൂ​ഗിയെ പുറത്താക്കിയതോടെ ടീമുലുടലെടുത്ത ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കാൻ ഹെയ്റോയ്ക്കായില്ല. ഇത് ടീമിനെ ബാധിച്ചു. ​ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനെതിരെ മാത്രം ജയിച്ച സ്പെയിൻ രണ്ടെണ്ണത്തിൽ സമനില വഴങ്ങി. പ്രീക്വാർട്ടറിൽ റഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റാണ് സ്പെയിൻ പുറത്തായത്. ലൊപ്പെറ്റ്യൂ​ഗിയുടെ കാലയളവിൽ ഒരു മത്സരം പോലും സ്പെയിൻ പരാജയപ്പെട്ടിരുന്നില്ല.

സ്പെയിൻ ദേശീയ ടീമിനായി എൺപതിലേറ തവണ കളിച്ചിട്ടുള്ള ഹെയ്റോ മൂന്ന് ലോകകപ്പുകളിലും ടീമിലുണ്ടായിരുന്നു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ താരമായിരുന്നു ഹെയ്റോ. റയലിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീ​ഗ്, അഞ്ച് ലാ ലി​ഗ എന്നിവയും ഹെയ്റോ സ്വന്തമാക്കിയിട്ടുണ്ട്.