SHARE
ലാർസൻ(വലത്തേയറ്റം)

സ്പാനിഷ് സൂപ്പർ‍ ക്ലബ് ബാഴ്സലോണയുടെ പരിശീലകസം​ഘത്തിലേക്ക് മുൻ സൂപ്പർതാരം ഹെന്റിക്ക് ലാർസനും. മുഖ്യപരിശീലകൻ റൊണാൾഡ് കോമാന്റെ സഹായിയായി ലാർസനേയും ആൽഫ്രഡ് ഷ്രൂഡറേയും നിയമിച്ചതായി ക്ലബ് തന്നെയാണ് അറിയിച്ചത്. രണ്ട് വർഷത്തേക്കാണ് കരാർ.

സ്വീഡിഷ് മുന്നേറ്റതാരമായ ലാർസൻ 2004 മുതൽ 2006 വരെയാണ് സ്പാനിഷ് ടീമിനായി കളിച്ചത്. 59 മത്സരങ്ങളിൽ നിന്ന് 19 ​ഗോളുകളും ഈ മുന്നേറ്റതാരം നേടി. ബാഴ്സയിൽ ലാർസന്റെ ഏറ്റവും ശ്രദ്ധേയപ്രകടനം 2006 ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലാണ്. ക്ലബിൽ ലാർസന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ആഴ്സനലിനലിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ച ഈ മത്സരത്തിൽ രണ്ട് ​ഗോളിനും വഴിയൊരുക്കിയത് ലാർസനായിരുന്നു.

കെൽറ്റിക്ക്, ഫെയ്നൂർദ് തുടങ്ങിയ ക്ലബുകളിൽ ദീർഘകാലം ലാർസൻ കളിച്ചിട്ടുണ്ട്. ബാഴ്സ പരിശീലകനായ കോമാനും ലാർസനൊപ്പം ഫെയ്നൂർദിൽ കളിച്ചിട്ടുണ്ട്. സ്വീഡൻ ദേശീയ ടീമിനായി നൂറിലേറെ തവണയും ലാർസൻ ബൂട്ടുകെട്ടിയിട്ടുണ്ട്.