SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് അടുത്ത മാസം 19 ന് യു എ ഇ യിൽ തുടക്കമാകും.‌ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇക്കുറി ഇന്ത്യയിൽ ഐപിഎൽ നടത്തുക അസാധ്യമായതിനാലാണ് ടൂർണമെന്റ് കടൽ കടത്താൻ ബിസിസിഐ തീരുമാനിച്ചത്. ശ്രീലങ്കയും ഇത്തവണത്തെ ഐപിഎല്ലിന് വേദിയാവാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും വേദിയാവാനുള്ള നറുക്ക് അവസാനം യു എ ഇ ക്ക് വീഴുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് യു എ ഇ, ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. നേരത്തെ 2014 ൽ ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനെത്തുടർന്ന് ആ സീസൺ ഐപിഎല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വേദിയായത് യു എ ഇ ആയിരുന്നു. അന്ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച മൂന്ന് സ്റ്റേഡിയങ്ങളിൽത്തന്നെയാണ് ഇക്കുറിയും ഐപിഎൽ നടക്കുന്നത്. ഐപിഎൽ മത്സരങ്ങൾക്ക് വേദിയാവാനൊരുങ്ങുന്ന യു എ ഇ യിലെ മൂന്ന് സ്റ്റേഡിയ‌ങ്ങൾ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

  1. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
ദുബായ് അന്താരാഷ്ട സ്റ്റേഡിയം
-Advertisement-

മുൻപ് ദുബായ് സ്പോർട്സ് സിറ്റി ക്രിക്കറ്റ് സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ദുബായ് അന്താരാഷ്ട സ്റ്റേഡിയം, 2009 ലാണ് ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിൽ നടന്ന ഏകദിന മത്സരമായിരുന്നു അത്. 30000 പേരെ ഉൾക്കൊള്ളുന്ന ഗ്യാലറിയാണ് സ്റ്റേഡിയത്തിനുള്ളത്. ക്രിക്കറ്റിന്റെ മൂന്ന്‌ ഫോർമ്മാറ്റിലേയും മത്സരങ്ങൾക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയായിട്ടുണ്ട്.

  1. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം.

ഏറെ ചരിത്രം അവകാശപ്പെടാനുള്ള ക്രിക്കറ്റ് സ്റ്റേഡിയമാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. 240 ഏകദിന മത്സരങ്ങൾക്ക് വേദിയായിട്ടുള്ള ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയമെന്ന ഗിന്നസ് ലോക റെക്കോർഡ്. 2014 സീസൺ ഐ പി എല്ലിലെ ആദ്യ കുറച്ച് മത്സരങ്ങൾക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായിരുന്നു.

  1. ഷെയിഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം
ഷെയിഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം കഴിഞ്ഞാൽ യു എ ഇ യിൽ ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും ഫേവറിറ്റ് സ്റ്റേഡിയമാണ് ഷെയിഖ് സായിദ് സ്റ്റേഡിയം. 2006 ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഏകദിന മത്സരമായിരുന്നു ഇവിടുത്തെ ആദ്യ അന്താരാഷ്ട്ര മത്സരം. കഴിഞ്ഞ വർഷം ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിൽ നടന്ന ഏകദിന പരമ്പരയിലെ മത്സരമാണ് ഇവിടെ വെച്ചു നടന്ന അവസാന അന്താരാഷ്ട്ര മത്സരം.