SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം നാളെ നാഗ്പൂരിൽ നടക്കും. ആദ്യ ഏകദിനത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലുള്ളതിന്റെ ആത്മവിശ്വാസത്തിലാണ് നാളെ കളിക്കാനിറങ്ങുക. പരമ്പരയിൽ പിന്നിലാണെന്നതിനൊപ്പം മത്സരം നടക്കുന്ന നാഗ്പൂരിലെ മുൻ കാല റെക്കോർഡും ഓസീസിന് കളിക്ക് മുന്നേ തലവേദന നൽകുന്നുണ്ട്.

ഇന്ത്യയുടെ ഭാഗ്യ മൈതാനങ്ങളിലൊന്നാണ് രണ്ടാം ഏകദിനം നടക്കാനിരിക്കുന്ന നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം. ഇന്ത്യയ്ക്ക് ഭാഗ്യ‌സ്റ്റേഡിയമാണെങ്കിൽ ഓസീസിന് അത്ര മികച്ച റെക്കോർഡല്ല ഇവിടെയുള്ളത്. 2007 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് ഏകദിന മത്സരങ്ങൾക്കാണ് നാഗ്പൂർ വേദിയായത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർക്ക് ജയിക്കാൻ കഴിഞ്ഞത്.

2009 ന് ശേഷം ഈ ഗ്രൗണ്ടിൽ വിജയം നേടാൻ ഓസീസിന് കഴിഞ്ഞിട്ടില്ല. ഏറ്റവും അവസാനം 2017 ലാണ് ഇരുടീമുകളും ഇവിടെ ഏറ്റുമുട്ടിയത്. അന്ന് രോഹിത് ശർമ്മയുടെ സെഞ്ചുറിക്കരുത്തിൽ (125) ഇന്ത്യ 7 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. തങ്ങൾക്ക് ഒട്ടും ഭാഗ്യമില്ലാത്ത ഒരു സ്റ്റേഡിയത്തിൽ കളിക്കുന്നതിന്റെ സമ്മർദ്ദം നാളത്തെ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കുണ്ടാവും.