SHARE

ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ വാർഷിക ദിനമായിരുന്ന ഇന്നലെയായിരുന്നു (15.08.2020) ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ ‌നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് 7.29 ന് ധോണിയായിരുന്നു ആദ്യം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ റെയ്നയുടേയും വിരമിക്കൽ അറിയിപ്പ് എത്തി.

ഇരു താരങ്ങളും ഒരേ ദിവസം, അതും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ വിരമിച്ചത് ആരാധകരെ ഇരുത്തിച്ചിന്തിപ്പിച്ചു. പിന്നീടാണ് ഇതിന് പിന്നിലെ ‌കാരണം അവർ പുറത്ത്‌ കൊണ്ടു വന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണിയുടെ ജേഴ്സി നമ്പർ ‘7’ ആയിരുന്നു. റെയ്നയുടേത് ‘3’ ഉം. ഇന്നലെ ഇന്ത്യ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 73-ം വാർഷികമാണ് ആഘോഷിച്ചത്. ഇരു താരങ്ങളുടേയും ജേഴ്സി നമ്പരുകൾ ചേർത്തു വെച്ചാൽ ലഭിക്കുന്നത് 73 എന്ന സംഖ്യ. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ റെയ്നയുടേയും ധോണിയുടേയും വിരമിക്കൽ ഇന്ത്യയുടെ 73-ം സ്വാതന്ത്യ ദിനത്തിൽ ഒരുമിച്ചായത് യാദൃശ്ചികമല്ല മറിച്ച് മുൻ കൂട്ടി തീരുമാനിച്ചത് പ്രകാരമായിരുന്നുവെന്ന് ക്രിക്കറ്റ് പ്രേമികൾ പറയുന്നു.

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ട്വീറ്റിന്, റെയ്ന, ഇന്ത്യയുടെ പതാകയും, തൊഴുകൈയ്യുകളുമായി നിൽക്കുന്ന ഇമോജിയും മറുപടിയായി നൽകി. എന്തായാലും തങ്ങളുടെ വിരമിക്കൽ ഓഗസ്റ്റ് 15 ന് ഒരുമിച്ചായതിന് പിന്നിൽ എന്തെന്ന് ഇരു താരങ്ങളും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തരമൊരു കാരണമാണ് അതിന് പിന്നിലുള്ളതെന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു.