SHARE

ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ തകർപ്പൻ പ്രകടനമായിരുന്നു അവിടെ പുറത്തെടുത്തത്.‌ തന്റെ കന്നി ടെസ്റ്റ് പരമ്പരയിൽ കളിച്ച 3 മത്സരങ്ങളിൽ 259 റൺസ് സ്കോർ ചെയ്ത ഗിൽ ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും തന്റെ സ്ഥാനം നിലനിർത്തുകയായിരുന്നു.

എന്നാൽ ഇംഗ്ലണ്ടിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പരമ്പരയിൽ താരം ദയനീയ ഫോമിലേക്ക് വീണു. പരമ്പരയിൽ കളിച്ച 7 ഇന്നിംഗ്സുകളിൽ ഒരു അർധ സെഞ്ചുറി മാത്രം നേടാനായ ഗിൽ, രണ്ട് തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഓസ്ട്രേലിയൻ പര്യടനത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങിയ ഗിൽ മോശം ഫോമിലേക്ക് വീണതിനെക്കുറിച്ച് മനസ് തുറന്ന് ഇപ്പോളിതാ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ രംഗത്തെത്തിയിരിക്കുന്നു.

ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ശുഭ്മാൻ ഗില്ലിന് പ്രതീക്ഷകളുടെ സമ്മർദ്ദം നേരിടേണ്ടി‌ വന്നതായും ഇതാവാം അദ്ദേഹത്തിന്റെ മോശം ഫോമിന് കാരണമെന്നുമാണ് ഗവാസ്കർ പറയുന്നത്. കരിയറിൽ എല്ലാവരും കടന്നു പോകുന്ന ‌മോശം സമയങ്ങളിലൊന്നാണിതെന്നും ഇതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇത് എല്ലാവരും കടന്നു പോകുന്ന മോശം ഘട്ടമാണ്. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം അദ്ദേഹത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർന്നു. ഒരു പക്ഷേ ആ പ്രതീക്ഷകളുടെ സമ്മർദ്ദം അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ടാവും. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഗിൽ കുറച്ച് കൂടി നേരെ കളിക്കേണ്ടതുണ്ട്. നിലവിൽ അവൻ ലൈനിന് കുറുകെയാണ് കളിക്കുന്നത്. ഇതും അദ്ദേഹത്തെ അപകടത്തിലാക്കുന്നു.” സുനിൽ ഗവാസ്കർ പറഞ്ഞു നിർത്തി.