SHARE
ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ എവിൻ ലൂയിസ്, ഷിംറോൺ ഹെറ്റ്മെയർ എന്നിവർക്ക് ടീമിൽ സ്ഥാനമില്ലെന്നതാണ് ക്രിക്കറ്റ് പ്രേമികളെ‌ഞെട്ടിക്കുന്നത്.  അടുത്തിടെ അയർലൻഡിനെതിരെ നടന്ന പരമ്പരയിലെ ടോപ് സ്കോററായിരുന്നിട്ടും ലൂയിസിന് ടീമിൽ നിന്ന് പുറത്ത് പോകേണ്ടി‌വന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
അതേ സമയം ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതാണ് ഹെയ്മെയറും, ലൂയിസും ടീമിന്‌പുറത്താകാൻ കാരണമെന്ന് ക്രിക്കറ്റ് വെസ്റ്റിൻഡീസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌ ലൂയിസിനും, ഹെറ്റ്മെയർക്കും പകരം ഡാരൻ ബ്രാവോ, റോവ്മാൻ പവൽ എന്നിവർ ടീമിലെത്തിയിട്ടുണ്ട്‌. പരിക്കിനെത്തുടർന്ന് ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ കളിക്കാൻ കഴിയാതിരുന്ന ഫാബിയൻ അലനും ഇത്തവണ ടീമിലുണ്ട്.
മൂന്ന് ഏകദിനങ്ങളാണ് ശ്രീലങ്കയും, വെസ്റ്റിൻഡീസും തമ്മിൽ കളിക്കുക. ഈ മത്സരത്തിന് മുന്നോടിയായി ശ്രീലങ്ക ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരെ ഏകദിന പരിശീലന മത്സരവും വിൻഡീസ് കളിക്കും. ഫെബ്രുവരി 22, 26, മാർച്ച് 1 തീയതികളിലാണ് ഏകദിന പരമ്പരയിലെ മത്സരങ്ങൾ. ഈ പരമ്പരയ്ക്ക് ശേഷം രണ്ട് മത്സര ടി20 പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും.