SHARE

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎൽ താരലേലത്തിൽ വിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ഷിം റോൺ ഹിറ്റ്മെയറെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ‌. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹിറ്റ്മെയറെ സ്വന്തമാക്കാൻ 4.2 കോടി രൂപയാണ് ബാംഗ്ലൂർ മുടക്കിയത്. കിംഗ്സ് ഇലവൻ പഞ്ചാബും, സൺ റൈസേഴ്സും ഹിറ്റ്മെയറെ സ്വന്തമാക്കാൻ മുന്നിലുണ്ടായിരുന്നു. അതേ സമയം സൂപ്പർ താരങ്ങളായ ബ്രണ്ടൻ മക്കല്ലം, മാർട്ടിൻ ഗപ്തിൽ, ക്രിസ് വോക്സ് എന്നിവർക്ക് ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല‌.

ഇന്ത്യൻ താരം ചേതശ്വർ പുജാരയെ ആയിരുന്നു ആദ്യം ലേലത്തിന് പരിഗണിച്ചത്. എന്നാൽ പുജാരയ്ക്കും പിന്നാലെ ഇംഗ്ലണ്ടിന്റെ അലക്സ് ഹെയിൽസിനും ആവശ്യക്കാരുണ്ടായില്ല. മൂന്നാമതായി ലേലത്തിന് പരിഗണിച്ച ഇന്ത്യൻ യുവതാരം ഹനുമ വിഹാരിക്ക് വേണ്ടി ശക്തമായ ലേലമാണ് നടന്നത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2 കോടി രൂപ നൽകി ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായി ഇത്തവണ ജയ്പൂരിലാണ് ഐപിഎൽ ലേലം നടക്കുന്നത്. ഇത്ര നേരത്തെ ഐപിഎൽ ലേലം നടക്കുന്നതും ഇതാദ്യം. 228 ഇന്ത്യൻ താരങ്ങളടക്കം 350 കളികാരാണ് ലേലത്തിലുള്ളത്. ഇതിൽ വിവിധ ദേശീയ ടീമുകളിൽ കളിച്ച 119 താരങ്ങളുണ്ട്. 20 ലക്ഷം രൂപ മുതൽ 2 കോടി വരെ അടിസ്ഥാന വിലയാണ് ഇത്തവണ ലേലത്തിൽ താരങ്ങൾക്കുള്ളത്. ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിർത്തിയതിനാൽ അവശേഷിക്കുന്ന സ്ഥാനങ്ങളിലേക്കാണ് താരങ്ങളെ എടുക്കുന്നത്.