SHARE

ഇന്ത്യൻ സൂപ്പർ ലീ​​ഗ് ഏഴാം സീസണിൽ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് ഹൈദരാബാദ് എഫ്സി. പല വിദേശതാരങ്ങളും പരുക്കറ്റ് പുറത്തായ സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിന്റെ മികവിലായിരുന്നു അവർ കഴിഞ്ഞ തവണ പ്ലേഓഫിന് തൊട്ടരികിലെത്തിയത്.

സ്പാനിഷ് പരിശീലകൻ മനോലോ മാർക്വെസിന്റെ കീഴിലായിരുന്നു ഹൈദരാബാ​ദിന്റെ ശ്രദ്ധേയ കുതിപ്പ്. ഇക്കുറി പ്രധാന ഇന്ത്യൻ താരങ്ങളെ നിലനിർത്തിയതിനൊപ്പം ഐഎസ്എല്ലിൽ പരിചയസമ്പന്നരായ ഒരുപിടി സീനിയർ വിദേശതാരങ്ങളെയെത്തിച്ചാണ് ഹൈദരാബാദ് ഒരുങ്ങുന്നത്.

മാർക്വെസിന്റെ കീഴിൽ ഹൈദരാബാദിൽ ഉയർന്നുവന്നത് ഒരുപിടി യുവതാരങ്ങളാണ്. ആകാശ് മിശ്ര, ആശിഷ് റായി, മുഹമ്മദ് യാസിർ, ലിസ്റ്റൻ കൊളാസോ, ചിങ്ലൻസന സിങ് തുടങ്ങിയ ഈ താരങ്ങൾ ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. ചെറുപ്പത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്തി മികച്ച പരിശീലനം കൊടുത്ത് വളർത്തിയെടുക്കുക എന്നതാണ് ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടാൻ വേണ്ട പ്രധാന കാര്യമെന്നാണ് മാർക്വെസ് പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടണമെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യം ലീ​ഗ് സീസണുകൾ തമ്മിലുള്ള ദൈർഘ്യം കുറയ്ക്കുക എന്നതാണ്, ഇതിനൊപ്പം യുവതാരങ്ങളെ വളർത്തിയെടുക്കുകയും വേണം, ചെറുപ്പത്തിലേ പ്രതിഭകളെ കണ്ടെത്തി അക്കാദമികളിലെത്തിക്കണം, മികച്ച പരിശീലകരും, സംവിധാവനങ്ങളുമുള്ള ഒന്നാന്തരം ​ഗ്രൗണ്ടുകളുള്ള അക്കാദമികൾ കൂടുതൽ സ്ഥാപിക്കപ്പെടണം, ഇത് വളരെ പ്രധാനമാണ്, ഇന്ത്യയിൽ ഇക്കാര്യങ്ങൾ അതിവേ​ഗം മെച്ചപ്പെടുന്നുണ്ട് എങ്കിലും ഇനിയും കാത്തിരിക്കേണ്ടതുണ്ട്, പക്ഷെ ഒരിക്കൽ ഈ കാര്യങ്ങളെല്ലാം ശരിയായി വന്നാൽ പിന്നെ ഏഷ്യയിലെ ഏറ്റവും കരുത്തരാകാൻ ഇന്ത്യക്ക് സാധിക്കും, മാർക്വെസ് വിശദീകരിച്ചു.