SHARE

സ്വന്തം തട്ടകത്തിൽ കരുത്തുകാട്ടിയ ജംഷദ്പൂർ എഫ് സിക്ക് മുന്നിൽ ഐ എസ് എല്ലിലെ‌ പുത്തൻ ടീമായ ഹൈദരാബാദ് എഫ് സി വീണു. ജംഷദ്പൂരിലെ ജെ ആർ ഡി ടാറ്റ സ്പോർട്സ് കോമ്പ്ലക്സിൽ നടന്ന മത്സരത്തിൽ ആതിഥേയർ, ഹൈദരാബാദിനെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്. വിജയത്തോടെ ഐ എസ് എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും ജംഷദ്പൂരിന് കഴിഞ്ഞു.

പല തവണ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിൽ എല്ലാം തുലയ്ക്കുന്ന ജംഷദ്പൂരിനെയായിരുന്നു ആദ്യ പകുതിയിൽ കണ്ടത്. മുപ്പത്തിനാലാം മിനുറ്റിലായിരുന്നു ആതിഥേയർ തങ്ങളുടെ ആദ്യ ഗോൾ നേടിയത്. പിറ്റി തൊടുത്ത ഷോട്ട് ഹൈദരാബാദ് ഗോൾകീപ്പർ തടഞ്ഞെങ്കിലും പന്തെത്തിയത് ഫറൂഖ് ചൗധരിക്ക് മുന്നിൽ. സമയമൊട്ടും കളയാതെ താരം തൊടുത്ത ഷോട്ട് വലയിൽ. ജംഷദ്പൂർ മത്സരത്തിൽ മുന്നിൽ. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ട് മുൻപ് ഹൈദരാബാദ് മത്സരത്തിൽ സമനില പിടിച്ചു. സൂപ്പർ താരം മാഴ്സലീഞ്ഞോയായിരുന്നു‌ഗോൾ സ്കോറർ.

-Advertisement-

അറുപത്തിരണ്ടാം മിനുറ്റിൽ ജംഷദ്പൂർ ഗോൾ ലീഡുയർത്തി. ഫറൂഖ് ചൗധരി നൽകിയ അസിസ്റ്റിൽ നിന്ന് അനികേത് ജാദവായിരുന്നു ഗോൾ നേടിയത്. എഴുപത്തിയഞ്ചാം മിനുറ്റിൽ ജംഷദ്പൂരിന്റെ വിജയമുറപ്പിച്ച മൂന്നാം ഗോൾ പിറന്നു. കാസ്റ്റ ലായിരുന്നു ഗോൾ സ്കോറർ. അവസാന പത്ത് മിനുറ്റുകളിൽ ഗോൾ നേടാൻ ഹൈദരാബാദ് ആഞ്ഞ് ശ്രമിച്ചെങ്കിലും അതൊന്നും ജംഷദ്പൂർ പ്രതിരോധത്തിന് മുന്നിൽ വിലപ്പോയില്ല.