SHARE

ലോകത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ‌ടി20 ലീഗാണ് ഐപിഎൽ. പ്രകടന നിലവാരത്തിന്റെ കാര്യത്തിൽ മാത്രമല്ല, പ്രതിഫലത്തിന്റേയും കാര്യത്തിൽ ഐപിഎൽ തന്നെ‌യാണ് നമ്പർ വൺ. ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളെല്ലാം തുറന്ന് സമ്മതിച്ചിട്ടുള്ള കാര്യമാണിത്.‌ പ്രതിഫലത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഐപിഎല്ലിൽ കളിക്കുന്ന താരങ്ങൾക്ക് മാത്രമല്ല അതിന്റെ ഭാഗമാകുന്ന പരിശീലകർക്കും കണ്ണഞ്ചിപ്പിക്കുന്ന വേതനമാണ് ലഭിക്കുന്നത്. അത്തരത്തിൽ ഐപിഎൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള 5 പരിശീലകരെ നമുക്ക് നോക്കാം,

5) ബ്രണ്ടൻ മക്കല്ലം – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

2019 ലാണ് ന്യൂസിലൻഡ് ഇതിഹാസ താരമായ ബ്രണ്ടൻ മക്കല്ലത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പരിശീലകനായി നിയമിച്ചത്. ടീമിന്റെ മുൻ താരം കൂടിയായ മക്കല്ലത്തിന് പ്രതിഫലയിനത്തിൽ അവർ നൽകുന്നത് 3.4 കോടി ഇന്ത്യൻ രൂപയാണ്.

4) റിക്കി പോണ്ടിംഗ് – ഡെൽഹി ക്യാപിറ്റൽസ്

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ റിക്കി പോണ്ടിംഗ് ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിനെയാണ് ഇപ്പോൾ പരിശീലിപ്പിക്കുന്നത്. പോണ്ടിംഗ് പരിശീലകനായെത്തിയതിന്റെ ഗുണം ഡെൽഹിയുടെ കളിയിൽ പ്രകടവുമാണ്. ഒരു‌ കാലത്ത് ഐപിഎല്ലിലെ ദുർബല ടീമുകളിലൊന്നായിരുന്ന അവർ ഇപ്പോൾ ടൂർണമെന്റിലെ‌ ഫേവറിറ്റുകളിലൊന്നാണ്. 3.5 കോടി രൂപയാണ് ഡെൽഹിയിൽ പോണ്ടിംഗിന്റെ ശമ്പളം.

3) സ്റ്റീഫൻ ഫ്ലെമിംഗ് – ചെന്നൈ സൂപ്പർ കിംഗ്സ്

2009 മുതൽ ചെന്നൈ‌ സൂപ്പർ കിംഗ്സിന്റെ പരിശീലകനാണ് ന്യൂസിലൻഡുകാരനായ സ്റ്റീഫൻ ഫ്ലെമിംഗ്. ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ഫ്ലെമിംഗിന് പരിശീലക വേഷത്തിലും മികച്ച റെക്കോർഡാണുള്ളത്. മൂന്ന് തവണയാണ് അദ്ദേഹത്തിന്റെ ശിക്ഷണത്തിന് കീഴിൽ ചെന്നൈ ഐപിഎൽ കിരീടം നേടിയത്. 3.5 കോടി രൂപയാണ് ഫ്രാഞ്ചൈസിയിൽ താരത്തിന്റെ പ്രതിഫലം.

2) സൈമൺ കാറ്റിച്ച് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

മുൻ ഓസ്ട്രേലിയൻ താരമായ സൈമൺ കാറ്റിച്ച് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനാണ്. ടീമിനെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുക എന്ന ദൗത്യമാണ്‌ കാറ്റിച്ച് ബാംഗ്ലൂരിൽ ഏറ്റെടുത്തിരിക്കുന്നത്.‌ 4 കോടി രൂപയാണ്‌ ശമ്പളയിനത്തിൽ ബാംഗ്ലൂർ ഫ്രാഞ്ചൈസി കാറ്റിച്ചിന് നൽകുന്നത്. ഇത് ഐപിഎല്ലിൽ ഒരു പരിശീലകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ്.

1) അനിൽ കുംബ്ലെ – പഞ്ചാബ് കിംഗ്സ്

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അനിൽ കുംബ്ലെ‌ 2019 ലാണ് പഞ്ചാബിന്റെ പരിശീലകനായി നിയമിതനാകുന്നത്. പരിശീലിപ്പിച്ച രണ്ട് സീസണുകളിലും പഞ്ചാബിനെ മികച്ച നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ട അദ്ദേഹത്തിന് 4 കോടി രൂപയാണ് പ്രതിഫലമായി പഞ്ചാബ് കിംഗ്സ് നൽകുന്നത്. കാറ്റിച്ചിനൊപ്പം ഐപിഎൽ‌ പരിശീലകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നവരിൽ ഒന്നാം സ്ഥാനത്തുണ്ട് കുംബ്ലെ.