SHARE
ഫയൽ ചിത്രം

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഹിമാചൽ പ്രദേശ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഹിമാചൽ ഒരു ഘട്ടത്തിൽ 82/4 എന്ന സ്കോറിൽ തകർച്ചയിലേക്ക് വീണെങ്കിലും പിന്നീട് കൽസിയുടേയും, റിഷി ധവാന്റേയും അർധസെഞ്ചുറികളുടെ മികവിൽ കരകയറുകയായിരുന്നു. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 215/5 എന്ന നിലയിലാണ് അവർ.

അംടറിലെ അടൽബിഹാരി വാജ്പേയി‌സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം, എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്കോർ ബോർഡിൽ 7 റൺസെത്തിയപ്പോൾ ഹിമാചലിന്റെ ആദ്യ വിക്കറ്റ് വീണു. രണ്ട് റൺസെടുത്ത ഓപ്പണർ രാഘവ് ധവാനെ പുറത്താക്കിയത് ബേസിൽ തമ്പി. അങ്കുഷ് ബെയിൻസിന്റേതായിരുന്നു അടുത്ത ഊഴം. 10 റൺസെടുത്ത താരത്തിനെ നിധീഷ് പുറത്താക്കുമ്പോൾ സ്കോർ 26/2.

അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല മൂന്നാം വിക്കറ്റിന്. 23 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന നായകൻ പ്രശാന്ത് ചോപ്രയായിരുന്നു ഇത്തവണ വീണത്. നിധീഷിന് തന്നെയായിരുന്നു ഈ വിക്കറ്റും. സ്കോർ ബോർഡിൽ 82 റൺസെത്തിയപ്പോൾ ഗാംഗ്ടയും വീണതോടെ ഹിമാചൽ തകർന്നെന്ന് തോന്നിപ്പിച്ചെങ്കിലും, അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റിഷി ധവാനും, കൽസിയും ചേർന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു.

105 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 58 റൺസെടുത്ത ധവാനെ പുറത്താക്കി, നിധീഷാണ് കേരളത്തിന് ബ്രേക് ത്രൂ സമ്മാനിച്ചത്. 71 റൺസോടെ കൽസിയും, 13 റൺസെടുത്ത എ ആർ കുമാറുമാണ് നിലവിൽ ക്രീസിലുള്ളത്. എം ഡി നിധീഷാണ് കേരളാ ബോളിംഗിലെ താരം. നാല്‌വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ശേഷിക്കുന്ന ഒരു വിക്കറ്റ് ബേസിൽ തമ്പിക്കാണ്.