SHARE

വിരാട് കോഹ്ലി ഒരു ഇമ്പാക്ട് കളികാരനാണെന്നും നായക‌സ്ഥാനമൊഴിഞ്ഞെങ്കിലും ടീമിലെ അദ്ദേഹത്തിന്റെ റോളിൽ യാതൊരു മാറ്റവും വരില്ലെന്നും ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായ രോഹിത് ശർമ്മ. കോഹ്ലിയുടെ റോളിൽ മാറ്റം വരില്ലെന്നും ഇത്രയും നാൾ ടീമിന് വേണ്ടി ചെയ്തതെന്തോ അത് അദ്ദേഹം തുടരുമെന്നും വ്യക്തമാക്കിയ രോഹിത്, ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളികാരനാണ് കോഹ്ലിയെന്നും ചൂണ്ടിക്കാട്ടി.

“വിരാട് കോഹ്ലിയുടെ റോളിൽ മാറ്റമുണ്ടാകില്ല‌. ടീമിനായി ഇത്രയും നാൾ ചെയ്തിരുന്ന കാര്യങ്ങൾ എന്താണോ, അത് അദ്ദേഹം തുടരും. ഇന്ത്യൻ ടീമിന് വളരെ പ്രധാനപ്പെട്ട കളികാരനാണ് അദ്ദേഹം. കളിക്കുമ്പോളൊക്കെ അവനൊരു സ്വാധീനം സൃഷ്ടിക്കുന്നു, എല്ലാ മത്സരങ്ങളിലും അവൻ തന്റേതായ മുദ്ര പതിപ്പിക്കുന്നു‌”

“ടീമിൽ എല്ലാവർക്കും വ്യത്യസ്തമായ റോളുകളാണുള്ളത്. നിങ്ങൾ ആദ്യം ബാറ്റ് ചെയ്യുകയാണോ, അതോ ചേസ് ചെയ്യുകയാണോ എന്നതിനെ അടിസ്ഥാനമാക്കി ആ റോളുകളിൽ മാറ്റം വന്നു കൊണ്ടേയിരിക്കും. എല്ലാവരും അതിന് തയ്യാറാണ്. വിരാട് കോഹ്ലി തിരിച്ചുവരുമ്പോൾ അത് ടീമിനെ ശക്തിപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും, അദ്ദേഹമെന്ന ബാറ്റ്സ്മാനും ടീമിന്റെ മൂല്യം വർധിപ്പിക്കും.” ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിന് മുൻപുള്ള‌ പത്രസമ്മേളനത്തിൽ സംസാരിക്കവെ രോഹിത് പറഞ്ഞു നിർത്തി.